

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.59 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് വേരിയന്റിലും ഇത് ലഭ്യമാണ്. 85 ശതമാനം എഥനോള്‍ അടങ്ങിയ ഇന്ധനത്തിനും അനുയോജ്യമാണ് ഇതിന്റെ എന്‍ജിന്‍.
എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍
പുതിയ ഗ്രില്‍ ഡിസൈന്‍, മാറ്റം വരുത്തിയ മുന്‍- പിന്‍ ബമ്പറുകള്‍, പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി- ഡിആര്‍എല്ലുകളും, പുതുക്കിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പുറത്തെ പ്രധാന പ്രത്യേകതകള്‍. സൂപ്പര്‍വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂട്ട് ബ്ലാക്ക് മൈക്ക, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക് എന്നി നിറങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
അകത്തളം
വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ അപ്‌ഹോള്‍സ്റ്ററി, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡോര്‍ ട്രിമ്മുകളില്‍ പിയാനോ ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ എന്നിവയാണ് അകത്തളത്തില്‍ നല്‍കിയിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, അഡാസ് സ്യൂട്ട്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി കാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. ജി, ജിഎക്‌സ്, വിഎക്‌സ്, ഇസഡ്എക്‌സ് എന്നിങ്ങനെ നാലു വേരിയന്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇ- സിവിടി യൂണിറ്റുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ പെട്രോള്‍ - ഹൈബ്രിഡ് പവര്‍ട്രെയിനാണ് എന്‍ജിന്‍ വിഭാഗത്തില്‍ വരുന്നത്. സിവിടി യൂണിറ്റുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഇത് വരുന്നുണ്ട്. അതായത് നോണ്‍- ഹൈബ്രിഡ് രൂപത്തിലും വാഹനം വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പിനാണ് ഏറ്റവും കുറഞ്ഞ വില. ജിഎസ് പതിപ്പിന് 19.59 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പെട്രോള്‍- ഹൈബ്രിഡ് പതിപ്പായ ഇസഡ്എക്‌സിനാണ് ഏറ്റവുമധികം വില. 31.99 ലക്ഷം രൂപ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates