Union Budget 2025: സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി, അഞ്ചുവര്‍ഷത്തിനകം 75,000 മെഡിക്കല്‍ സീറ്റുകള്‍; ഇന്ത്യ പോസ്റ്റ് അടിമുടി മാറും

ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും
budget 2025 announcement for startups
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉണര്‍വിന് ഇത് കരുത്തുപകരും.

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച

സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും

രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അടുത്തവര്‍ഷം അധികമായി 10,000 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ കൂടി അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വായ്പാ പരിധി ഉയര്‍ത്തി

പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ചെറുകിട സ്ഥാപന ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെ വായ്പാ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ചെറുകിട സ്ഥാപന ഉടമകള്‍ക്ക് നല്‍കുക എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിഎം ധന്‍ധ്യാന്‍ കൃഷി യോജന

കാര്‍ഷിക മേഖലയുടെ ഉണര്‍വിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പിഎം ധന്‍ധ്യാന്‍ കൃഷി യോജനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.

ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു. മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശരിവെയ്ക്കുന്നതാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ തുടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com