ന്യൂയോർക്ക്: ലോകമെമ്പാടുമായി 300 കോടി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ സുരക്ഷ വീഴ്ചയുള്ളതായി റിപ്പോർട്ട്. ക്യൂവൽകോം ചിപ്പ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് സുരക്ഷാ വീഴ്ചകളുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എളുപ്പത്തിൽ ആക്രമിക്കാൻ പാകത്തിലുളള 400 പിഴവുകൾ ക്യുവൽകോമിൻറെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സറിന് (ഡിഎസ്പി)ക്ക് ഉണ്ടെന്നാണ് കണ്ടെത്തൽ. ചെക്ക് പൊയിൻറ് സെക്യുരിറ്റി റിസർച്ചാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
ലോകത്തിലെ സ്മാർട്ട്ഫോൺ വിൽപ്പനയുടെ 40 ശതമാനം ഫോണിലും ഉപയോഗിക്കുന്നത് ക്യൂവൽകോം ചിപ്പുകളാണ്. ഇതിൽ വിവിധ വില നിലവാരത്തിലുള്ള ഫോണുകൾ ഉൾപ്പെടുന്നു. ഇതിൽ തന്നെ സാംസങ്ങ്, ഗൂഗിൾ, എൽജി, ഷവോമി എന്നീ മുൻനിര ബ്രാൻറുകളുടെ പ്രിമീയം ഫോണുകളും ഉൾപ്പെടുന്നു.
ചെക്ക് പൊയിൻറ് നടത്തിയ പരിശോധനയിൽ ക്യുവൽകോമിൻറെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സറി (ഡിഎസ്പി)യുടെ കോഡിലാണ് എളുപ്പത്തിൽ ആക്രമിക്കാൻ പാകത്തിലുളള 400 പിഴവുകൾ കണ്ടെത്തിയത്. ഈ പിഴവുകൾ വഴി ഒരു ഹാക്കർക്ക് ഉപയോക്താവ് അറിയാതെ അയാളുടെ വിവരങ്ങൾ ചോർത്താനുള്ള ടൂളുകൾ ഫോണിൽ നിക്ഷേപിക്കാൻ സാധിക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒപ്പം ഒരു ഹാക്കർക്ക് ഫോണിലെ സമഗ്രമായ വിവരങ്ങൾ, അതിലെ ഫോട്ടോകൾ, വീഡിയോകൾ, കോൾ റെക്കോഡിങ്, റിയൽ ടൈം മൈക്രോഫോൺ ഡാറ്റ, ജിപിഎസ്, ലോക്കേഷൻ ഡാറ്റ ഇവയെല്ലാം ചോർത്താൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഒരു ഫോണിനെ പ്രവർത്തനക്ഷമം അല്ലാതാക്കാനുള്ള ശേഷിയും ഒരു ഹാക്കർക്ക് ഈ സുരക്ഷ പിഴവ് നൽകുന്നു. മറ്റൊരു പ്രധാന വെല്ലുവിളി ഈ സുരക്ഷ പിഴവുകൾ വഴി ഫോണിലേക്ക് ഹാക്കർക്ക് മാൽവെയർ കടത്തിവിടാൻ സാധിക്കും എന്നതാണ്. ഈ മാൽവെയർ ഒളിഞ്ഞിരുന്ന് പ്രവർത്തിക്കുക മാത്രമല്ല ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കാത്ത തരത്തിൽ സ്ഥാപിക്കാനും സാധിക്കും.
എന്നാൽ ടെക് സെക്യൂരിറ്റി സ്ഥാപനമായ ചെക്ക് പൊയിൻറ് ഈ സുരക്ഷാ വീഴ്ചയുടെ കൂടുതൽ സാങ്കേതിക വശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾക്കും തങ്ങളുമായി സഹകരിക്കുന്ന മൊബൈൽ നിർമ്മാതാക്കൾക്കും കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നാണ് ചെക്ക് പൊയിൻറ് പറയുന്നത്.
അതേസമയം ഇതുവരെ ഈ സുരക്ഷ പിഴവ് ഉപയോഗപ്പെടുത്തി എന്തെങ്കിലും തരത്തിലുള്ള ചൂഷണം നടന്നതായി അറിവില്ലെന്ന് ചിപ്പ് നിർമ്മാതാക്കളായ ക്യുവൽകോം പ്രതികരിച്ചു. ഇത് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കും എന്നും ക്യുവൽകോം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
