നിക്ഷേപിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, മികച്ച ലാഭം വേണോ?; പരിശീലിക്കണം ഈ അഞ്ചു സ്‌കിലുകള്‍

ഓഹരി വിപണിയില്‍ നിലവില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്
investment skills
investment skillsfile
Edited By:
Updated on
2 min read

ഓഹരി വിപണിയില്‍ നിലവില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. ഇത്തരത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നവര്‍ക്ക് വിജയം നേടാന്‍ ചില കാര്യങ്ങളില്‍ വൈദഗ്ധ്യം നേടേണ്ടതുണ്ട്. ഇത്തരത്തില്‍ നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന അഞ്ചു നിക്ഷേപ നൈപുണ്യങ്ങള്‍ അറിയാം.

ഓഹരികളിലോ മ്യൂച്ചല്‍ ഫണ്ടുകളിലോ ഉള്ള ദീര്‍ഘകാല നിക്ഷേപം ചരിത്രപരമായി പണപ്പെരുപ്പത്തെ മറികടന്ന് മികച്ച രീതിയില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഇതിന്റെ വിജയം വിപണിയുടെ സമയം മുന്‍കൂട്ടി പ്രവചിക്കുന്നതിലോ താല്‍ക്കാലിക ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നതിലോ അല്ല. മറിച്ച് കഴിവുകളിലും പെരുമാറ്റത്തിലും അധിഷ്ഠിതമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

1. ക്ഷമയും വൈകാരിക അച്ചടക്കവും

വിപണിയില്‍ എപ്പോഴും ഏറ്റകുറച്ചിലുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇടിവുകളും തകര്‍ച്ചകളും പെട്ടെന്നുള്ള മുന്നേറ്റങ്ങളും സ്വാഭാവികമാണ്. ഒന്നിലധികം വലിയ ഇടിവുകള്‍ നേരിട്ടിട്ടും ഇന്ത്യന്‍ ഓഹരി വിപണികള്‍ ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമാണ് നല്‍കിയിട്ടുള്ളത്. വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരായി ഓഹരികള്‍ വില്‍ക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകും. എന്നാല്‍ വിപണിയില്‍ തന്നെ തുടരുന്നത് നഷ്ടം നികത്താനും പണം വളരാനും സഹായിക്കും.

ഇതിനായി ആദ്യം ലക്ഷ്യങ്ങളും സമയപരിധിയും വ്യക്തമായി നിര്‍വ്വചിക്കുക എന്നതാണ് പ്രധാനം. പോര്‍ട്ട്‌ഫോളിയോ ദിവസവും പരിശോധിക്കുന്നത് ഒഴിവാക്കുക. പ്രമുഖ നിക്ഷേപ വിദഗ്ധന്‍ ആയ വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ വചനം എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്. ക്ഷമയില്ലാത്തവരില്‍ നിന്ന് പണം ക്ഷമയുള്ളവരിലേക്ക് മാറ്റുന്ന ഒരു സംവിധാനമാണ് ഓഹരി വിപണി.

2. കോമ്പൗണ്ടിംഗിന്റെ ശക്തി

നിക്ഷേപത്തിലെ ഏറ്റവും ശക്തമായ ഒന്നാണ് കോമ്പൗണ്ടിങ് . ഇതിലൂടെ സമയത്തിനനുസരിച്ച് ലാഭത്തില്‍ നിന്ന് വീണ്ടും ലാഭം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പണപ്പെരുപ്പം 4-6 ശതമാനം നിരക്കില്‍ ഉയരുമ്പോള്‍, അതിനെ മറികടക്കാന്‍ എസ്ഐപി വഴി തുടക്കത്തിലേ കൃത്യമായി നിക്ഷേപിക്കുന്നത് ചെറിയ തുകകളെപ്പോലും ദീര്‍ഘകാലയളവില്‍ വലിയൊരു സമ്പാദ്യമാക്കി മാറ്റാന്‍ സഹായിക്കും.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ എത്രയും വേഗം എസ്ഐപി ആരംഭിക്കുക. ഓരോ വര്‍ഷവും നിക്ഷേപത്തുക ചെറിയ ശതമാനം വര്‍ദ്ധിപ്പിക്കുക . വിപണിയുടെ സമയം നോക്കി വലിയ തുക ഒന്നിച്ച് നിക്ഷേപിക്കുന്നതിനേക്കാള്‍, സ്ഥിരതയോടെ നിക്ഷേപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

3. റിസ്‌ക് വിലയിരുത്തല്‍

പണം മുഴുവന്‍ ഓഹരി വിപണിയില്‍ മാത്രമായി നിക്ഷേപിക്കരുത്. ശരിയായ രീതിയില്‍ പണം വിഭജിച്ചു നിക്ഷേപിക്കുന്നത് വിപണിയിലെ പെട്ടെന്നുള്ള തകര്‍ച്ചകളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. പ്രായം കുറഞ്ഞ നിക്ഷേപകര്‍ക്ക് ഓഹരികളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. എന്നാല്‍ ലക്ഷ്യങ്ങളോട് അടുക്കുന്നവര്‍ സുരക്ഷിതമായ ഡെറ്റ് ഫണ്ടുകളിലേക്ക് മാറണം. ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ്, ഫ്‌ലെക്‌സി-ക്യാപ് ഫണ്ടുകള്‍, ഡെറ്റ്, സ്വര്‍ണം എന്നിവയിലുടനീളം നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്നത് റിസ്‌ക് കുറയ്ക്കും.

റിസ്‌ക് എടുക്കാനുള്ള ശേഷി (പ്രായം, വരുമാന സ്ഥിരത, ലക്ഷ്യങ്ങള്‍) വിലയിരുത്തി വേണം നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിക്കേണ്ടത്. ഒരു കൃത്യമായ നിക്ഷേപ അനുപാതം സൂക്ഷിക്കുക (ഉദാഹരണത്തിന്: 70% ഇക്വിറ്റി / 30% ഡെറ്റ്). വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപങ്ങള്‍ പുനഃക്രമീകരിക്കുന്നതും നല്ലതാണ്. ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഫ്‌ലെക്‌സി-ക്യാപ് ഫണ്ടുകള്‍, മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ പോലുള്ള വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.

4. ഗവേഷണവും കൃത്യമായ പരിശോധനയും

അറിവില്ലാതെ നിക്ഷേപിക്കുന്നതോ മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പിന്തുടരുന്നതോ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ല. വിവിധ വിപണി സാഹചര്യങ്ങളിലെ പ്രകടനം, ഫണ്ട് മാനേജരുടെ പരിചയസമ്പത്ത്, എക്‌സ്‌പെന്‍സ് റേഷ്യോ, പോര്‍ട്ട്‌ഫോളിയോ ടേണ്‍ഓവര്‍, ഇത് ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം എന്നിവ നിക്ഷേപത്തിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ്.

ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നവര്‍ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിക്കുന്നത് നല്ലതാണ്. ബിസിനസ് മോഡലുകള്‍ മനസ്സിലാക്കുക, കമ്പനിയുടെ മത്സരപരമായ നേട്ടങ്ങള്‍ , സാമ്പത്തിക അനുപാതങ്ങള്‍, പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം, കോര്‍പ്പറേറ്റ് ഭരണം എന്നിവ വിലയിരുത്തുന്നതും ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ സഹായിക്കും.

5. നികുതി ബോധവല്‍ക്കരണവും ഒപ്റ്റിമൈസേഷനും

ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഉണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍, ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നേട്ടം 1.25 ലക്ഷത്തിന് മുകളിലാണെങ്കില്‍ 12.5 ശതമാനം നികുതിയാണ് ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി ഈടാക്കുക. അടിക്കടിയുള്ള ട്രേഡിങ്ങുകള്‍ ഉയര്‍ന്ന ഹ്രസ്വകാല നികുതിക്കും മറ്റ് ചാര്‍ജുകള്‍ക്കും കാരണമാകും. ദീര്‍ഘകാലം നിക്ഷേപം കൈവശം വെക്കുന്നതും നികുതി ലാഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതും സമ്പത്ത് പരമാവധി വര്‍ദ്ധിപ്പിക്കും. ദീര്‍ഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട് നികുതി ഇളവ് ലഭിക്കാന്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. വര്‍ഷം തോറും 1.25 ലക്ഷത്തിന്റെ നികുതി ഇളവ് പ്രയോജനപ്പെടുത്താന്‍ തക്കവണ്ണം പണം പിന്‍വലിക്കല്‍ ആസൂത്രണം ചെയ്യുന്നതും നല്ലതാണ്. വെറും ലാഭത്തില്‍ മാത്രം ശ്രദ്ധിക്കാതെ, നികുതി കഴിച്ചുള്ള യഥാര്‍ത്ഥ ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഗുണം ചെയ്യുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

investment skills
കേരളത്തില്‍ 'സ്വന്തമായി ഒരു വീട്'; അറിയാം യുവതലമുറ നേരിടുന്ന അഞ്ചു വെല്ലുവിളികള്‍
investment skills
ദിവസവും 126 രൂപ നീക്കിവെയ്ക്കാമോ?, ഒരു കോടി രൂപ സമ്പാദിക്കാം; പിപിഎഫില്‍ പ്രായം നോക്കി ഇങ്ങനെ നിക്ഷേപിക്കുക!
Summary

5 Important investment skills

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com