

രാജ്യത്തെ എല്ലാ പെട്രോൾ പമ്പിലും ബാറ്ററി ചാർജിങ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വൈദ്യുത വാഹന വിൽപന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തുള്ള 69,000 പെട്രോൾ പമ്പുകളിൽ ഓരോ ഇ ചാർജിങ് കിയോസ്കെങ്കിലും ഉറപ്പാക്കാനാണു തീരുമാനം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വൈദ്യുത വാഹനങ്ങളുടെ വിൽപന ഉയരണമെങ്കിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കേണ്ടതുണ്ടെന്ന് ഗഢ്കരി പറഞ്ഞു. ചാർജിങ് സൗകര്യം വ്യാപകമാകുന്നതോടെ കൂടുതൽ പേർ വൈദ്യുത വാഹനം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണു രാജ്യത്തെ 69,000ത്തോളം പെട്രോൾ പമ്പുകളിൽ കുറഞ്ഞത് ഒരു വൈദ്യുത വാഹന ചാർജിങ് കിയോസ്കെങ്കിലും സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ ചരക്ക്, സേവന നികുതി(ജി എസ് ടി) അഞ്ചു ശതമാനമായി കുറച്ചതടക്കം ചൂണ്ടിക്കാട്ടി രാജ്യത്തു വൈദ്യുത വാഹന വിൽപന പ്രോത്സാഹിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളാണു സർക്കാർ നടത്തുന്നതെന്ന് ഗഢ്കരി അവകാശപ്പെട്ടു. നികുതി നിർണയത്തിനായി ഇരുചക്ര, ത്രിചക്രവാഹനങ്ങളിലെ ബാറ്ററി വിലയെ വാഹനവിലയിൽ നിന്നു വേർപെടുത്താൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.
അഞ്ചു വർഷത്തിനകം ആഗോളതലത്തിൽ പ്രധാന വാഹന നിർമാതാക്കളായി ഇന്ത്യ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പെട്രോളിനു പുറമെ എഥനോളും സമ്മർദിത പ്രകൃതി വാതക(സി എൻ ജി)വും ഇന്ധനമാക്കാൻ പ്രാപ്തിയുള്ള ഫ്ളെക്സ് എൻജിനുകൾ വികസിപ്പിക്കാനും ഗഢ്കരി വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates