

ഡീപ് സീക്ക് ആണ് ഇപ്പോള്‍ ടെക് ലോകത്തെയും ഓഹരി വിപണിയിലെയും സംസാര വിഷയം. ദിവസങ്ങള്‍ കൊണ്ടാണ്, ലോകം 'ഭരിക്കുന്ന' ടെക് ഭീമന്മാരെ പിടിച്ചുലച്ച് ഈ പുതുമുഖം വാര്‍ത്തയില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ മാത്രമല്ല, അതിര്‍ത്തി കടന്ന് മറ്റ് ധന വിപണികളിലും പ്രതിഫലിച്ചു ഡീപ് സീക്കിന്‍റെ വരവ്. അമേരിക്കന്‍ സാങ്കേതിക വ്യവസായത്തിനുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. എന്താണ് ഡീപ് സീക്ക്? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഗൂഗിളിനോടും ഓപ്പണ്‍ എഐയോടും മത്സരിക്കാന്‍ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡല്‍.
യുഎസ് കേന്ദ്രീകരിച്ചുള്ള ടെക് ഭീമന്മാര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ചാണ് മോഡല്‍ വികസിപ്പിച്ചതെന്ന് ഡീപ് സീക്ക്-ആര്‍1 നിര്‍മ്മാതാക്കള്‍ പറഞ്ഞു. മോഡലിനെ പരീശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടിങ് പവറിനായി 60 ലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ചെലവഴിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
സിലിക്കണ്‍ വാലിയിലെ ടെക് വെഞ്ച്വറില്‍ ഒരാളായ മാര്‍ക്ക് ആന്‍ഡ്രീസെന്‍ മോഡലിന്റെ പ്രകാശനത്തെ 'എഐ- സ്പുട്‌നിക് മൊമന്റ്' എന്നാണ് പ്രശംസിച്ചത്. സിലിക്കണ്‍ വാലിയിലെ മുന്‍നിരക്കാരുമായി മത്സരിക്കാന്‍ കഴിവുള്ള ഈ ചൈനീസ് സ്റ്റാര്‍ട്ടപ്പിന്റെ വരവ് എഐയിലെ യുഎസ് ആധിപത്യത്തിനെ വെല്ലുവിളിക്കുന്നതാണ്. ഡീപ്പ് സീക്കിന്റെ പ്രവേശനത്തോടെ എന്‍വിഡിയ, ആല്‍ഫബെറ്റ്, മെറ്റ തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നു. ജനറേറ്റീവ് എഐയെ ശക്തിപ്പെടുത്തുന്ന സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ കുത്തകാവകാശം കൈവശം വച്ചിരിക്കുന്ന എന്‍വിഡിയയ്ക്ക്, അവരുടെ ഓഹരികള്‍ 17 ശതമാനം ഇടിഞ്ഞു.
ഡീപ് സീക്ക് എന്താണ്?
ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്‌സീക്ക്, 2023 അവസാനത്തില്‍ ഹൈ-ഫ്‌ലയര്‍ എന്ന ഹെഡ്ജ് ഫണ്ട് നടത്തുന്ന സംരംഭകനായ ലിയാങ് വെന്‍ഫെങ് സ്ഥാപിച്ചതാണ്. ചൈനയ്ക്ക് പുറത്ത് അധികം അറിയപ്പെടാത്തതാണെങ്കിലും, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും നിക്ഷേപവും സംയോജിപ്പിക്കുന്നതില്‍ ലിയാങ് പ്രശസ്തനാണ്.
ഡീപ് സീക്ക് –വി3 മോഡല്‍ അപ്പിളിന്റെ സ്റ്റോറില്‍ യു.എസ്, യു.കെ. , ചൈന എന്നീ രാജ്യങ്ങളില്‍ ടോപ് റേറ്റ്ഡ് ഫ്രീ ആപ്പായി മാറി. എഐയിലെ സിലിക്കണ്‍ വാലി കുത്തകയാണ് ഡീപ് സീക്ക് അട്ടിമറിച്ചത്. ഡീപ് സീക്കിന്റെ ഏറ്റവും പുതിയ റിലീസായ ആര്‍1 തരംഗമായി മാറിയിരിക്കുകയാണ്. മറ്റ് എഐ ടൂളുകളെ അപേക്ഷിച്ച അണ്‍ലിമിറ്റഡ് യൂസേജ്, ഓപ്പണ്‍ സോഴ്സ്, കോസ്റ്റ് എഫിഷ്യന്റ് എന്നിവയാണ് ഡീപ് സീക്കിന്റെ പ്രത്യേകതകള്‍ . വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള എഐ പ്രകടം അളക്കുന്നതിനുള്ള ടെസ്റ്റില്‍ ഓപ്പണ്‍ എഐയുടേതിനാക്കാള്‍ ഉയര്‍ന്ന സ്കോറാണ് ഡീപ് സീക്ക് നേടിയത്.
കാര്യക്ഷമതയിലും ഉപയോഗത്തിലും ഡീപ് സീക്ക് അതിന്റെ പ്രതിയോഗികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഓപ്പണ്‍ എ.ഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് വില കൂടിയ എഐ ചിപ്പുകളും മറ്റ് സംവിധാനങ്ങളും ആവശ്യമായി വരുമ്പോള്‍ അതിന്റെ പകുതി വിഭവസമാഹരണത്തോടെയാണ് ഡീപ് സീക്ക് തത്തുല്യ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates