

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍. ഗുജറാത്തിലെ സബര്‍മതിയില്‍ ബദല്‍ ഇന്ധനമെന്ന നിലയില്‍ എല്‍എന്‍ജിയില്‍ ഓടുന്ന ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിച്ചു. പരമ്പരാഗത ഊര്‍ജ്ജ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് കുറച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ റെയില്‍വേ എല്‍എന്‍ജി ട്രെയിന്‍ അടക്കം അവതരിപ്പിച്ചത്. അടുത്തിടെ ഹൈഡ്രജന്‍ ട്രെയിനും ഇന്ത്യന്‍ റെയില്‍വേ ട്രാക്കില്‍ എത്തിച്ചിരുന്നു.
ഡ്രൈവിങ് പവര്‍ കാറുകള്‍ക്കായി വികസിപ്പിച്ചെടുത്ത ഡീസല്‍- പ്ലസ്- എന്‍എന്‍ജി ഡ്യുവല്‍- ഫ്യുവല്‍ സിസ്റ്റമാണ് ഈ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. സബര്‍മതി ഇന്റഗ്രേറ്റഡ് കോച്ചിങ് ഡിപ്പോയിലെ രണ്ട് 1400 എച്ച്പി ഡ്രൈവിങ് പവര്‍ കാറുകളാണ് ഡ്യുവല്‍ ഫ്യുവല്‍ സിസ്റ്റത്തിലേക്ക് മാറ്റിയത്. ഡീസലിനൊപ്പം എല്‍എന്‍ജിയും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ക്രമീകരണം. മാറ്റം വരുത്തിയ രണ്ട് 1400 എച്ച്പി ഡ്രൈവിങ് പവര്‍ കാറുകള്‍ 2000 കിലോമീറ്ററിലധികം പരീക്ഷണയോട്ടമാണ് നടത്തിയത്.
ഈ സംവിധാനത്തിന് കീഴില്‍ ഡീസല്‍ ഉപഭോഗത്തിന്റെ 40 ശതമാനം വരെ ഒഴിവാക്കി പകരം എല്‍എന്‍ജിയില്‍ ഓടാന്‍ സാധിക്കും. എല്‍എന്‍ജിയുടെ ഉപയോഗം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന് ഒപ്പം മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ വിലയിരുത്തുന്നു.
പരമ്പരാഗത ഡീസല്‍ എന്‍ജിന്റെ കരുത്തും പ്രവര്‍ത്തന ശേഷിയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഡീസലിന് പകരം ഭാഗികമായി എല്‍എന്‍ജി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാറ്റം വരുത്തിയ ഓരോ ഡ്രൈവിങ് പവര്‍ കാറിലും 2200 ലിറ്റര്‍ ശേഷിയുള്ള എല്‍എന്‍ജി ടാങ്കാണ് ഉള്ളത്. ഇതില്‍ ഏകദേശം 850- 900 കിലോഗ്രാം എല്‍എന്‍ജി സംഭരിക്കാന്‍ സാധിക്കും. ഒരു തവണ പൂര്‍ണമായി ഇന്ധനം നിറച്ചാല്‍ ഏകദേശം 1600 കിലോമീറ്റര്‍ ദൂരം ഓടിക്കാന്‍ ഇത് പര്യാപ്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates