

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാം
പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
'മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാം.'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,' -അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates