ദിവസവും ഏഴു രൂപ നിക്ഷേപിക്കാമോ? 5000 രൂപ പെന്‍ഷന്‍; അറിയാം ഗ്യാരണ്ടീഡ് സര്‍ക്കാര്‍ സ്‌കീം

സംഘടിതമല്ലാത്ത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വാര്‍ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിമാസ പെന്‍ഷനാണ് അടല്‍ പെന്‍ഷന്‍ യോജന.
Atal Pension Yojana
Atal Pension Yojanafile
Edited By:
Updated on
2 min read

ന്യൂഡല്‍ഹി: സംഘടിതമല്ലാത്ത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വാര്‍ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിമാസ പെന്‍ഷനാണ് അടല്‍ പെന്‍ഷന്‍ യോജന. വരിക്കാരുടെ സംഭാവന അനുസരിച്ച് 60 വയസ് മുതല്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കുന്നു.

സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ പെന്‍ഷന്‍ പദ്ധതിക്ക് വേറെയും ഗുണങ്ങളുണ്ട്. തൊഴില്‍ ഏതുമാകട്ടെ, 18നും 40നും ഇടയിലാണ് പ്രായമെങ്കില്‍ പദ്ധതിയില്‍ ചേരാം. ഒരാള്‍ക്ക് 40 വയസു തികയുന്ന അന്ന് വരെ ചേരാം. പിറ്റേന്ന് മുതല്‍ പറ്റില്ല.

ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍പിഎസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം. പക്ഷെ ആരും ആദായ നികുതി അടയ്ക്കുന്നവരാകരുത്. പെന്‍ഷന്‍ ലഭിക്കാനായി 60 വയസ് വരെ നിശ്ചിത തുക നിക്ഷേപിക്കണം. അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് 1000, 2000, 3000, 4000, 5000 രൂപ എന്നീ നിരക്കുകളില്‍ പെന്‍ഷന്‍ ലഭിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റീഡ് പെന്‍ഷനാണ്. അറുപത് വയസിന് ശേഷം, ജീവിതകാലം മുഴുവന്‍, എല്ലാ മാസവും ഈ തുക ലഭിക്കും. വിദേശ മലയാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്.

ചെറിയ പ്രായത്തില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ ചെറിയ തുക മാസം തോറും അടച്ചാല്‍ മതിയാകും. ഉദാഹരണത്തിന് 25 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസം തോറും 376 രൂപ അടച്ചാല്‍ മതിയാകും. എന്നാല്‍ 39 വയസിലാണ് ചേരുന്നതെങ്കില്‍ 5000 രൂപ പെന്‍ഷനായി 1318 രൂപ മാസം അടയ്ക്കണം. 18 വയസിലാണ് ചേരുന്നതെങ്കില്‍ അറുപത് വയസ് കഴിഞ്ഞ് 5000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ മാസം 210 രൂപ മാത്രം അടച്ചാല്‍ മതി.

പദ്ധതിയില്‍ അംഗമാകാന്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. ആദായ നികുതി അടക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. പക്ഷെ പദ്ധതിയില്‍ അംഗമായിരിക്കെ എന്നെങ്കിലും ആദായ നികുതി അടച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടിനെ ബാധിക്കില്ല. അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിര്‍ദേശം നല്‍കുന്നതനുസരിച്ച് മാസം തോറുമോ മൂന്ന് മാസം അല്ലെങ്കില്‍ ആറു മാസം കൂടുമ്പോഴോ തുക താനെ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിക്കോളും.

വളരുന്ന പെന്‍ഷന്‍ ഫണ്ട്

അടക്കുന്ന നിക്ഷേപ തുക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു. 60 വയസാകുമ്പോഴേക്കും ഇതിന്റെ പലിശയുള്‍പ്പെടെയുള്ള ഉയര്‍ന്ന ഒരു തുകയാകും അക്കൗണ്ടില്‍ ഉണ്ടാവുക.

തവണകള്‍ മുടങ്ങിയാല്‍?

പദ്ധതിയില്‍ അംഗമായിരിക്കെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായെന്നിരിക്കട്ടെ. നിക്ഷേപ തുക കുറയ്ക്കാനായി എല്ലാ വര്‍ഷവും അവസരം കിട്ടും. ഇങ്ങനെ മാറ്റിയ തുക ജൂലായ് മുതലാണ് പ്രാബല്യത്തില്‍ വരുക. ഇനി തവണകള്‍ മുടങ്ങിയാലും ഒരിക്കലും അക്കൗണ്ട് ക്ലോസ് ആകില്ല. മുടക്കിയ തവണകള്‍ അടച്ച്, കൂടെ ചെറിയ പിഴയുമൊടുക്കി അംഗത്വം സജീവമാക്കാം. വരുമാനം കൂടുമ്പോള്‍ നിക്ഷേപം കൂട്ടി ഉയര്‍ന്ന പെന്‍ഷന്‍ ആക്കണമെങ്കിലും ഈയവസരം പ്രയോജനപ്പെടുത്താം.

Atal Pension Yojana
Atal Pension Yojana

വരിക്കാരന്‍ മരിച്ചാല്‍?

പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരുന്ന വരിക്കാരന്‍ മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് അതേ നിരക്കില്‍ അവരുടെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. വരിക്കാരന്‍ മരിച്ച ശേഷം പെന്‍ഷന്‍ ലഭിച്ചിരുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും മരിച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ ഉള്ള തുക (60 വയസില്‍ വരിക്കാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക) നോമിനിക്ക് ലഭിക്കും

അവിവാഹിതരായ ആളുകള്‍ക്ക് മറ്റൊരു വ്യക്തിയെ നോമിനി ആയി നിശ്ചയിക്കാവുന്നതാണ്. വിവാഹിതരാണെങ്കില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ആണ് നോമിനി.വരിക്കാരന്‍ 60 വയസ് തികയുന്നതിന് മുന്‍പ് മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പേരില്‍ പുതിയൊരു പെന്‍ഷന്‍ അക്കൗണ്ട് നിലവില്‍ വരും. മരിച്ചു പോയ ആള്‍ അതേ വരെ അടച്ചിട്ടുള്ള തുക ഇതിലേക്ക് മാറ്റപ്പെടും. തുടര്‍ന്ന് മരിച്ചയാളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അതേ തുക നിക്ഷേപിക്കണം. മരിച്ചയാള്‍ക്ക് 60 വയസ് തികയുമായിരുന്ന അന്ന് മുതല്‍ പങ്കാളിക്ക് പെന്‍ഷന്‍ ലഭിക്കും. (പങ്കാളിയുടെ പ്രായമല്ല ഇവിടെ പരിഗണിക്കുന്നത്).

Atal Pension Yojana
എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ ആശങ്ക വേണ്ട!; ഈ അഞ്ചു കാര്യങ്ങള്‍ ഓര്‍ക്കുക...
Atal Pension Yojana
എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാല് തെറ്റുകള്‍?; എന്താണ് എസ്ഐപി സ്ട്രാറ്റജി?
Summary

Atal Pension Yojana and it's details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com