36,014 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്, മുൻവർഷത്തേക്കാൾ മൂന്നിരട്ടി വർദ്ധന

കേസുകൾ കുറഞ്ഞിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്ക് തട്ടിപ്പ് മൂല്യം മൂന്നിരട്ടിയായതായി ആർ‌ബി‌ഐ വാർഷിക റിപ്പോർട്ട്
Bank fraud, RBI,
Bank fraud :തട്ടിപ്പുകേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും തട്ടിപ്പ് തുകയിൽ മൂന്നിരട്ടി വർധനCenter-Center-Kochi
Updated on
2 min read

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ സാമ്പത്തിക വ‍ർഷം ( 2024-25) നടന്നത് വൻ സാമ്പത്തിക തട്ടിപ്പെട്ടന്ന് (Bank fraud) ആർ ബി ഐ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 36,014 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കുകളിൽ നടന്നത്. ഇത് മുൻസാമ്പത്തിക വ‍ർഷത്തേക്കാൾ മൂന്നിരട്ടി വർദ്ധനവാണ് കാണിക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ 12,230 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

തട്ടിപ്പ് നടത്തിയ തുകയിൽ വർദ്ധനവ് ഉണ്ടായെങ്കിലും തട്ടിപ്പുകേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു. 2023-24 ൽ 36,060 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ , 2024-25 ൽ ആകെ 23,953 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( ആർ ബി ഐ) വാർഷിക റിപ്പോർട്ടിലാണ് ഈ കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും കൂടുതൽ തട്ടിപ്പുകേസുകളുള്ളത് സ്വകാര്യമേഖല ബാങ്കുകളിലാണ് - 14,233 കേസുകൾ - എന്നാൽ മൊത്തം തുകയിൽ സ്വകാര്യബാങ്കുകളുടെ പങ്ക് 28% മാത്രമാണ്.എന്നാൽ, 6,935 തട്ടിപ്പ് കേസുകളുള്ള പൊതുമേഖലാ ബാങ്കുകളുടെ തുക 71 ശതമാനവും. വിദേശ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ എന്നിവർ ഇരയായത് തട്ടിപ്പ് തുകയുടെ 1% ത്തിൽ താഴെയാണ്.

വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് മൊത്തം തട്ടിപ്പ് തുകയുടെ 92% വുമെന്ന് ആർ‌ബി‌ഐ റിപ്പോർട്ട് പറയുന്നു, എന്നാൽ ഇത് സംബന്ധിച്ച കേസുകൾ 33% മാത്രമാണ്. നേരെമറിച്ച്, ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ (കാർഡ്/ഇന്റർനെറ്റ്) ആണ് ഏറ്റവും കൂടുതൽ സംഭവിക്കുന്നത്, മൊത്തം കേസുകളിൽ 56.5% വരും, പക്ഷേ തുകയുടെ കാര്യത്തി.ൽ 1.4% മാത്രമാണ്. ഡെപ്പോസിറ്റ്, ഫോറെക്സ്, ഇന്റർ-ബ്രാഞ്ച് അക്കൗണ്ട് തട്ടിപ്പുകൾ അളവിൽ താരതമ്യേന ചെറുതാണ്.

ഈ പ്രവണതകൾക്ക് തടയിടുന്നതിനായി, ആർ‌ബി‌ഐ പുതിയ തട്ടിപ്പ് അപകടസാധ്യത മാനേജ്മെന്റ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, അക്കൗണ്ടുകളുടെ കർശനമായ റെഡ്-ഫ്ലാഗിങ് (അപകടസാധ്യതയുള്ളതോ സംശയാസ്പദമായതോ ആയി തോന്നുന്ന അക്കൗണ്ട്) സ്വാഭാവിക നീതി തത്വങ്ങൾ നിർബന്ധമായും പാലിക്കൽ എന്നിവ പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തട്ടിപ്പിന് ഇരയാവാനുള്ള സാധ്യത, വായ്പാ തിരിച്ചടവ് സംബന്ധിച്ച സാധ്യതകൾ എന്നിവ തിരിച്ചറിയുന്നതിന് എഐ, മെഷീൻ ലേണിങ് എന്നിവ ഉപയോ​ഗിച്ച് പുതിയ സൂപ്പർവൈസറി മോഡൽ വികസിപ്പിക്കണം.

കൂടാതെ, കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എംപാനൽ ചെയ്ത സ്ഥാപനങ്ങളുടെ സൈബർ സുരക്ഷാ ഓഡിറ്റുകൾക്ക് വിധേയമാക്കാനും ശക്തമായ ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നടപടികൾ നടപ്പിലാക്കാനുംഅർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2025-26 വർഷത്തേക്ക്, തട്ടിപ്പുകളും ഡിജിറ്റൽ സേവന സമയവും നിരീക്ഷിക്കുന്നതിനും, സാമ്പത്തിക സ്ഥാപനങ്ങളിൽ സൈബർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ഡിജിറ്റൽ ഫോറൻസിക് തയ്യാറെടുപ്പ് ( ഒരു സുരക്ഷാ സംഭവമോ ഡാറ്റാ ലംഘനമോ ഉണ്ടായാൽ ഡിജിറ്റൽ തെളിവുകൾ ഫലപ്രദമായി തിരിച്ചറിയാനും സൂക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള സ്ഥാപനത്തിന്റെ മുൻകൂർ തയ്യാറെടുപ്പാണ് ഫോറൻസിക് റെഡിനെസ്സ്) എന്നിവയെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമായി തത്സമയ ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ നടപ്പാക്കാൻ ആർബിഐ പദ്ധതിയിടുന്നു. ബാങ്കിങ് തട്ടിപ്പിനെതിരായ പോരാട്ടം ഇനി കുറ്റവാളികളെ പിടികൂടുക മാത്രമല്ല, മറിച്ച് സ്ഥിരതയുള്ളതും തത്സമയ പ്രതിരോധം കെട്ടിപ്പടുക്കുന്നതും കൂടെയാണ് എന്ന് ആർ ബി ഐ വ്യക്തമാക്കുന്നു.

തട്ടിപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെത്തുടർന്ന് മുമ്പത്തെ കേസുകളുടെ പുനർവർഗ്ഗീകരണവും പുതിയ റിപ്പോർട്ടിങ്ങുമാണ് ഈ വർദ്ധനവിന് പ്രധാന കാരണം. തട്ടിപ്പുകൾ നിർണ്ണയിക്കുന്നതിന് മുമ്പ് സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതിയുടെ 2023 മാർച്ചിലെ വിധിന്യായത്തിന് അനുസൃതമായി പുനഃപരിശോധനയ്ക്ക് ശേഷം, മുമ്പ് പിൻവലിച്ച 122 കേസുകൾ പുനഃസ്ഥാപിച്ചതാണ് ഈ വർദ്ധനവിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com