എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നതിന് പിന്നാലെ ബില്‍ ഗേറ്റ്‌സ് പിന്മാറി; എഐ ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. ബില്‍ ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുര്‍ വോറ പങ്കെടുക്കുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു. അങ്കുര്‍ വോറ ഉച്ചകോടിയില്‍ സംസാരിക്കുമെന്നും ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.
'ഒരുപാട് ആലോചിച്ച ശേഷം എഐ ഉച്ചകോടിയുടെ പ്രധാന മുന്‍ഗണനകളില്‍ നിന്ന് ശ്രദ്ധ തിരിയുന്നില്ലെന്ന് ഉറപ്പാക്കാന്‍, ബില്‍ ഗേറ്റ്സ് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തില്ല,'- ഗേറ്റ്സ് ഫൗണ്ടേഷന്‍ എക്സില്‍ കുറിച്ചു. ആരോഗ്യ, വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സംഘടന അറിയിച്ചു.
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ വെബ്സൈറ്റിലെ അതിഥി പട്ടികയില്‍നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പേര് അപ്രത്യക്ഷമായത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എപ്സ്റ്റീന്‍ വിവാദത്തില്‍ കുരുങ്ങിയ ബില്‍ ഗേറ്റ്‌സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വരുന്നില്ലെന്ന തീരുമാനം വന്നത്. ബില്‍ ഗേറ്റ്‌സ് ഉച്ചകോടിക്ക് എത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എഐ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലുതാണ്. 20-ലധികം സംസ്ഥാനങ്ങളുടെ തലവന്മാരും 500-ലധികം ആഗോള എഐ നേതാക്കളുമാണ് ഇതില്‍ ഒത്തുചേരുക.
Bill Gates To Skip Keynote Address At India AI Summit Amid Epstein Files Row
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

