

ന്യൂഡല്‍ഹി: ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് വീണ്ടും നൂറ് ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ വിതരണ രംഗത്തെ ആശങ്ക വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം.
ദിവസങ്ങള്‍ക്ക് മുന്‍പ് പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 120 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്രെന്‍ഡ് ക്രൂഡ് വില നൂറ് ഡോളറില്‍ താഴെ എത്തിയത് ആഗോള വിപണിക്ക് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇത് വെറും താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് എണ്ണവില വീണ്ടും കുതിക്കുന്നത്.
അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് ക്രൂഡ് വിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 94 ഡോളറില്‍ എത്തിയിരിക്കുകയാണ് അമേരിക്കന്‍ എണ്ണയുടെ വില. ആഗോള വിപണിക്ക് ആഘാതം സൃഷ്ടിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളും ശുദ്ധീകരണശാലകളും ഇറാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കൂടാതെ വ്യാപാരം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഇടുങ്ങിയ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതവും ഇറാന്‍ തടഞ്ഞിരിക്കുകയാണ്.
അതിനിടെ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി ബുധനാഴ്ച 400 ദശലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ ഇറക്കാന്‍ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ്ജ വിപണില്‍ ഉണ്ടായിട്ടുള്ള പ്രത്യാഘാതം കുറയ്ക്കുന്നതിന് അടിയന്തര എണ്ണ ശേഖരം പ്രയോജനപ്പെടുത്താനാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തീരുമാനം. കുതിച്ചുയരുന്ന വില നേരിടാന്‍ യുഎസ് അവരുടെ തന്ത്രപരമായ പെട്രോളിയം റിസര്‍വില്‍ നിന്ന് അടുത്ത ആഴ്ച 172 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
കാനഡ, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നി പ്രമുഖ വ്യാവസായിക രാജ്യങ്ങളിലെ ഊര്‍ജ്ജ മന്ത്രിമാര്‍ വില കുറയ്ക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കാന്‍ പാരീസില്‍ യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഐഇഎയുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അനിശ്ചിതത്വവും വില ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates