വീട് വാങ്ങാന്‍ പോവുകയാണോ?, കടത്തില്‍ മുങ്ങാതിരിക്കാന്‍ ഇതാ ഒരു ഫോര്‍മുല; 3/20/30/40 റൂള്‍ എന്ത്?
സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിര്‍മ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാന്‍ എല്ലാവരുടെയും കൈയില്‍ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാല്‍ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇപ്പോള്‍ ഇത്തരത്തില്‍ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാന്‍ നിരവധി ഫോര്‍മുലകള്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോര്‍മുലയാണ് 3/20/30/40.
വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂള്‍ എന്താണ്?
3 = വാങ്ങാന്‍ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്.
20 = പരമാവധി 20 വര്‍ഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നല്‍കേണ്ടിവരും.
30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടരുത്.
40 = സ്വന്തം പോക്കറ്റില്‍ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗണ്‍ പേയ്മെന്റ് നടത്തുക. ഡൗണ്‍ പേയ്‌മെന്റ് ആയി കൂടുതല്‍ തുക നീക്കിവെയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.
ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കില്‍, ഫോര്‍മുല അനുസരിച്ച്, വാര്‍ഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗണ്‍ പേയ്മെന്റിന് നല്‍കേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താല്‍ മതിയാകും. 20 വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ 39,052 രൂപയായിരിക്കും. ഫോര്‍മുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടുതലാകരുത് ഇഎംഐ. എന്നാല്‍ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാല്‍ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാല്‍ ഇഎംഐ ഇതിലും കുറവാണ്. അതിനാല്‍ ഈ ഫോര്‍മുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ വായ്പ അടച്ചുതീര്‍ക്കാന്‍ സാധിക്കും.
Buy House: 3/20/30/40 Rule, its importance
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

