ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജുക്കേഷന്‍ സ്റ്റാര്‍ട്ട്അപ്പ് ആയ ബൈജൂസിന്റെ തലപ്പത്തേയ്ക്ക് വീണ്ടും എത്തി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ബൈജൂസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ ബൈജു രവീന്ദ്രന്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സിഇഒ അര്‍ജുന്‍ മോഹന്റെ രാജിയെ തുടര്‍ന്നാണ് പുതിയ തീരുമാനം.
കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ബൈജൂസിന്റെ ബിസിനസിനെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലേര്‍ണിങ് ആപ്പും ഓണ്‍ലൈന്‍ ക്ലാസുകളും, ട്യൂഷന്‍ സെന്ററുകള്‍, പരീക്ഷാ തയ്യാറെടുപ്പുകള്‍ എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ബൈജൂസിനെ അടിമുടി മാറ്റുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ബൈജു രവീന്ദ്രനെ വീണ്ടും തലപ്പത്തേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. ലേര്‍ണിങ് ആപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ബൈജു രവീന്ദ്രന് നല്‍കിയതായാണ് കമ്പനി അറിയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏഴു മാസം നീണ്ട അവലോകനത്തിന് ശേഷമാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. മുന്‍ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ ചെലവ് ചുരുക്കുന്നതിന്റെ വഴികള്‍ അടക്കം തേടി കൊണ്ടുള്ള മാസങ്ങള്‍ നീണ്ട അവലോകനത്തിന് ശേഷമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. അര്‍ജുന്‍ മോഹന്‍ ഉപദേശ റോളിലേക്ക് മാറും. അര്‍ജുന്‍ മോഹന്റെ ആഴത്തിലുള്ള എഡ്ടെക് വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ബൈജു രവീന്ദ്രന്‍ കമ്പനിയില്‍ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തന്ത്രപരമായ മേഖലകളിലാണ്.മൂലധന സമാഹരണം, കമ്പനിയുടെ ആഗോള വിപുലീകരണം എന്നിങ്ങനെയുള്ള മേഖലകളിലാണ് ബൈജു രവീന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുനഃസംഘടനയിലൂടെയും ബൈജു രവീന്ദ്രന്റെ തിരിച്ചുവരവിലൂടെയും കമ്പനിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വളര്‍ച്ചയുടെ അടുത്ത അധ്യായം ആരംഭിക്കാന്‍ പോകുകയാണ്. പരീക്ഷണ ഘട്ടത്തില്‍ തന്നെ വളരെയധികം പോസിറ്റീവ് ഫീഡ്ബാക്ക് ആണ് ലഭിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates