'വില കൂടിയാലും വാങ്ങാന്‍ മടിയില്ല'; ലോകത്ത് കശുവണ്ടി ഉപഭോഗത്തില്‍ ഇന്ത്യ ഒന്നാമത്, കണക്കുകള്‍ ഇങ്ങനെ

ആഗോള തലത്തില്‍ കശുവണ്ടി ഉപഭോഗത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍
 cashews: India emerges as largest consumer globally
ആഗോള തലത്തില്‍ കശുവണ്ടി ഉപഭോഗത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍ (cashew nuts) ഫയൽ
Updated on
2 min read

കൊച്ചി: ആഗോള തലത്തില്‍ കശുവണ്ടി (cashew nuts) ഉപഭോഗത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍. ഇപ്പോള്‍, ലോകത്തിലെ സംസ്‌കരിച്ച അണ്ടിപ്പരിപ്പ് അല്ലെങ്കില്‍ അണ്ടിപ്പരിപ്പ് ഉപഭോഗത്തിന്റെ 30 ശതമാനത്തിലധികം ഇന്ത്യയിലാണ്. ബേക്കറി, ലഘുഭക്ഷണ വ്യവസായം എന്നിവയില്‍ അണ്ടിപ്പരിപ്പിന്റെ ആവശ്യകത അവിശ്വസനീയമായ വേഗത്തില്‍ കുതിച്ചുയര്‍ന്നതാണ് ഇതിന് കാരണം. മുഴുവനായോ അല്ലെങ്കില്‍ പൊട്ടിച്ച തരത്തിലോ ആണ് അണ്ടിപ്പരിപ്പിന്റെ ആവശ്യകത.

2024 ല്‍ രാജ്യത്തിന്റെ കശുവണ്ടിയുടെ ആവശ്യകത 3,76,000 ടണ്ണിലെത്തിയതായി ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സില്‍ (ഐഎന്‍സി) കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ഡിമാന്‍ഡില്‍ എട്ടു ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കശുവണ്ടിയുടെ ആവശ്യകതയില്‍ കുറവുണ്ടാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'കശുവണ്ടിയുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും വിപണിയിലെ വളര്‍ച്ചയ്ക്കായി ലോകം ഇപ്പോള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ മധ്യവര്‍ഗം കശുവണ്ടിയോട് ഒരു അഭിരുചി വളര്‍ത്തിയെടുത്തിട്ടുണ്ട്. ഒരു ലഘുഭക്ഷണമായി മാത്രമല്ല, ബേക്കറി സാധനങ്ങളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും ഒരു ചേരുവയായും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി കാജു കാട്ട്‌ലിയെ എടുക്കുക. ഇത് രാജ്യത്തെ ഏറ്റവും ജനപ്രിയമായ മധുരപലഹാരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു, സമ്മാനമായും വ്യക്തിഗത ഉപഭോഗത്തിനും കാജു കാട്ട്‌ലി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ഇത് ഉണ്ടാക്കാന്‍ വറുത്ത കശുവണ്ടിയാണ് ഉപയോഗിക്കുന്നത്. കാജു കാട്ട്‌ലി കൂടുതല്‍ ജനപ്രിയമായത് വറുത്ത കശുവണ്ടിയുടെ ആവശ്യകത കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്'- ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സില്‍ (ഐഎന്‍സി) ഡയറക്ടറും വിജയലക്ഷ്മി കശുവണ്ടി കമ്പനിയുടെ (വിഎല്‍സി) പ്രതിനിധിയുമായ പ്രതാപ് നായര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ കശുവണ്ടി കയറ്റുമതി കമ്പനിയാണിത്.

പകര്‍ച്ചവ്യാധിക്കുശേഷം, ഇന്ത്യക്കാര്‍ ലഘുഭക്ഷണമായി കശുവണ്ടി കഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രീമിയം വിലയായി കിലോഗ്രാമിന് ഏകദേശം 1,200-1,500 രൂപ ഉണ്ടായിരുന്നിട്ടും കശുവണ്ടി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ ആഗോള അസംസ്‌കൃത കശുവണ്ടി ഉല്‍പ്പാദനത്തിന്റെ 13.5 ശതമാനവും ആഗോള സംസ്‌കരണ വിഹിതത്തിന്റെ 36.5 ശതമാനവും മൊത്തം ആഗോള കശുവണ്ടി ഉപഭോഗത്തിന്റെ 30.5 ശതമാനവും ഇന്ത്യയിലാണെന്ന് ഇന്റര്‍നാഷണല്‍ നട്ട് & ഡ്രൈഡ് ഫ്രൂട്ട് കൗണ്‍സിലിന്റെ (INC) കണക്കുകള്‍ വ്യക്തമാക്കുന്നു.

'ബേക്കറി, ലഘുഭക്ഷണ വ്യവസായങ്ങളുടെ വളര്‍ച്ചയോടെ കശുവണ്ടിയുടെ ആഭ്യന്തര ആവശ്യകത വര്‍ധിച്ചതായി വെസ്റ്റേണ്‍ ഇന്ത്യ കശുവണ്ടി കമ്പനിയുടെ പ്രതിനിധി ഹരി നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ' മധുരപലഹാരങ്ങള്‍, ക്ഷേത്ര വഴിപാടുകള്‍ എന്നിവയുടെ അവിഭാജ്യ ഘടകമാണ് കശുവണ്ടി. വാസ്തവത്തില്‍, തിരുപ്പതി ക്ഷേത്രം മാത്രം കശുവണ്ടിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ്. ഭക്തര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡുള്ള ലഡു ഉണ്ടാക്കാന്‍ അവ ഉപയോഗിക്കുന്നു.'- അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്ന കൊല്ലത്തെ ചുറ്റിപ്പറ്റിയായിരുന്നു ഒരുകാലത്ത് ഈ വ്യവസായം. എന്നാല്‍ ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതോടെ ഇതില്‍ ഒരുപാട് മാറ്റത്തിന് കാരണമായി. തമിഴ്നാട് സ്വദേശിയായ സ്വാമിനാഥന്‍ ആണ് 1925ല്‍ ആദ്യത്തെ കശുവണ്ടി സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചത്. അതേ വര്‍ഷം തന്നെ വ്യവസായിയായ ജോസഫ് പെരേര കൊല്ലത്ത് ആദ്യത്തെ ആധുനിക കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് വ്യവസായത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നൂതന വറുക്കല്‍ രീതികള്‍ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലായി. 90കളില്‍ വിയറ്റ്നാമിന്റെ ആവിര്‍ഭാവം വരെ ദശാബ്ദങ്ങളോളം ഇന്ത്യ, പ്രത്യേകിച്ച് കൊല്ലം ആഗോള കശുവണ്ടി വ്യാപാരത്തില്‍ നിര്‍ണായകമായിരുന്നു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് 1961ല്‍ ആഗോള കശുവണ്ടിപ്പരിപ്പ് കയറ്റുമതി വിപണിയുടെ 96 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു.

2024ല്‍ ഇന്ത്യയുടെ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ആഗോള വ്യാപാരത്തിന്റെ എട്ടു ശതമാനമായി ആയി കുറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതി 2004-05ലെ 126,667 ടണ്ണില്‍ നിന്ന് 2022-23ല്‍ 59,581 ടണ്ണായി കുറഞ്ഞുവെന്ന് ബീറ്റ ഗ്രൂപ്പ് ചെയര്‍മാനും നട്ട് കിങ് ബ്രാന്‍ഡിന്റെ ഉടമയുമായ ജെ രാജ്‌മോഹന്‍ പിള്ള പറഞ്ഞു.

'ഇന്ത്യയുടെ കശുവണ്ടി സംസ്‌കരണ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ പ്രാഥമിക ഉറവിടം കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതിയാണെന്ന് കണക്കുകള്‍ വ്യക്തമായി സൂചിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇറക്കുമതികളില്ലാതെ, ഇന്ത്യയ്ക്ക് കശുവണ്ടിയുടെ ഗണ്യമായ ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വാസ്തവത്തില്‍, ഇന്ത്യയുടെ കശുവണ്ടി വ്യവസായം സംസ്‌കരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ 60 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com