ന്യൂഡല്‍ഹി: ഓഗസ്റ്റ് ഒന്നുമുതല്‍ ബാങ്കിങ് രംഗത്ത് നിരവധി പരിഷ്‌കാരങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
എടിഎം ഇടപാടിന് ചുമത്തുന്ന ഇന്റര്‍ചെയ്ഞ്ച് ഫീസിന്റെ ഘടന റിസര്‍വ് ബാങ്ക് പരിഷ്‌കരിച്ചത് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇടപാടിന് ചുമത്തുന്ന ഇന്റര്‍ചെയ്ഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായാണ് ഉയര്‍ത്തിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ജൂണിലാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഉയര്‍ത്തുന്നത്. എടിഎം പ്രവര്‍ത്തിപ്പിക്കുന്നതിന് വരുന്ന ചെലവ് പരിഹരിക്കുന്നതിനാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് വര്‍ധിപ്പിച്ചത്.
സാമ്പത്തികേതര ഇടപാടുകളുടെ ഇന്റര്‍ചെയ്ഞ്ച് ഫീസ് അഞ്ചില്‍ നിന്ന് ആറു രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോഴാണ് ഉപയോക്താവില്‍ നിന്ന് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഈടാക്കുന്നത്.
വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഏര്‍പ്പെടുത്തിയ അധിക ചാര്‍ജ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ സേവനത്തിനും 20 രൂപ മുതലാണ് ചാര്‍ജ് ചെയ്യുന്നത്. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. നിലവില്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല.
അതേസമയം വാതില്‍പ്പടി സേവനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഒരു ഉപഭോക്താവ് ഒന്നിലധികം ഇടപാടുകള്‍ നടത്തിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കില്ല. ഒന്നിലധികം ആളുകള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തിയാല്‍ അതിനെ പ്രത്യേക ബാങ്കിങ് ഇടപാടായി കണ്ട് അവരില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് വാതില്‍പ്പടി സേവനങ്ങള്‍ക്ക് അധിക ചാര്‍ജ് ചുമത്തുമെന്ന്് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചത്.
ശമ്പളം, സബ്‌സിഡികള്‍, ലാഭവീതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ദിവസവും ലഭ്യമാകും.വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പേയ്‌മെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടില്‍ നിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
എസ്‌ഐപികളോ വിവിധ വായ്പകളുടെ മാസത്തവണയോ ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്ന നിശ്ചിത തീയതി അവധിദിവസമാണെങ്കിലും അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.
നിലവില്‍ ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates