കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഓര്‍ത്ത് ആധി കൂട്ടേണ്ട!; നികുതി ഇളവിന് പ്രയോജനപ്പെടുത്താം; അറിയേണ്ടതെല്ലാം

ആദായനികുതി നിയമം അനുസരിച്ച് ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സിനും ഹോസ്റ്റല്‍ അലവന്‍സിനും നികുതി ഇളവ് ക്ലെയിം ചെയ്യാം
school education
school educationai image
Edited By:
Updated on
2 min read

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ ഒട്ടുമിക്ക മാതാപിതാക്കളും തയ്യാറാണ്. അതുകൊണ്ട് തന്നെ പല കുടുംബങ്ങളിലെയും ഏറ്റവും വലിയ ചെലവുകളിലൊന്നാണ് സ്‌കൂള്‍/ കോളജ് ഫീസ്. ആദായനികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില ചെലവുകള്‍ നികുതി ലാഭിക്കാന്‍ സഹായിക്കും.

ആദായനികുതി നിയമം അനുസരിച്ച് ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സിനും ഹോസ്റ്റല്‍ അലവന്‍സിനും നികുതി ഇളവ് ക്ലെയിം ചെയ്യാം. കൂടാതെ, കുട്ടിയുടെ വിദ്യാഭ്യാസത്തിനായി അടയ്ക്കുന്ന ട്യൂഷന്‍ ഫീസും സെക്ഷന്‍ 80C പ്രകാരം നികുതി ഇളവിനായി ക്ലെയിം ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഈ ഇളവുകള്‍ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ.

2026ലെ ഇന്‍കം ടാക്‌സ് ചട്ടം കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സിനും ഹോസ്റ്റല്‍ അലവന്‍സിനുമുള്ള ഇളവ് പരിധി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ആര്‍ക്കൊക്കെ ക്ലെയിം ചെയ്യാം, പുതുക്കിയ പരിധി എന്തൊക്കെയാണ്, ഈ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അലവന്‍സുകള്‍ക്ക് ബാധകമാകുന്ന നിബന്ധനകള്‍ എന്തൊക്കെയാണെന്ന് താഴെ വിശദമായി അറിയാം.

കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ് നികുതി ഇളവായി ക്ലെയിം ചെയ്യാന്‍ ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്?

ഏറ്റവും പുതിയ ആദായനികുതി ചട്ടക്കൂട് അനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തൊഴിലുടമയില്‍ നിന്ന് അലവന്‍സ് ലഭിക്കുന്ന ജീവനക്കാര്‍ക്ക് ക്ലെയിം ചെയ്യാവുന്നതാണ്.

പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക.

ഒരു കുട്ടിക്ക് പ്രതിമാസം 3,000 രൂപ വീതം (രണ്ട് കുട്ടികള്‍ക്ക് ഒരു വര്‍ഷം പരമാവധി 72,000 രൂപ) ഇളവിന് യോഗ്യത ഉണ്ട്.

കുട്ടി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നതെങ്കില്‍, ഒരു കുട്ടിക്ക് പ്രതിമാസം 9,000 രൂപ വരെ അധിക ഇളവ് ക്ലെയിം ചെയ്യാം (രണ്ട് കുട്ടികള്‍ക്ക് ഒരു വര്‍ഷം പരമാവധി 2,16,000 രൂപ).

ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

കുട്ടി ഇന്ത്യയിലുള്ള സര്‍വകലാശാല, കോളജ്, സ്‌കൂള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം.

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡെവലപ്മെന്റ് ഫീസ്, ഡൊണേഷന്‍, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജുകള്‍ എന്നി പേരുകളില്‍ നല്‍കുന്ന തുക അല്ലെങ്കില്‍ സെക്ഷന്‍ 80C പ്രകാരം യോഗ്യതയില്ലാത്ത സമാനമായ മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് ഇളവ് ബാധകമല്ല.

സെക്ഷന്‍ 80C പ്രകാരം ട്യൂഷന്‍ ഫീസ് ഇളവിന്റെ യോഗ്യത

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫീസ് അടയ്ക്കുന്ന നികുതിദായകര്‍ക്ക്, താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ സെക്ഷന്‍ 80C പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യാം:

രണ്ടു കുട്ടികള്‍ക്കായി അടച്ച ഫീസ് ഇളവിനായി ക്ലെയിം ചെയ്യാം.

രണ്ടു കുട്ടികള്‍ക്കും കൂടി ചേര്‍ത്ത് ഓരോ സാമ്പത്തിക വര്‍ഷവും 1.50 ലക്ഷം രൂപ വരെ നികുതി ഇളവിനായി ക്ലെയിം ചെയ്യാം.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം അടച്ച ട്യൂഷന്‍ ഫീസിന്മേല്‍ മാത്രമേ ഈ ഇളവ് ലഭ്യമാകൂ.

പാര്‍ട്ട് ടൈം കോഴ്‌സുകള്‍ക്കോ വിദേശ വിദ്യാഭ്യാസത്തിനോ വേണ്ടി അടയ്ക്കുന്ന ഫീസിന് ഈ ഇളവ് ലഭ്യമാകില്ല.

നികുതി ഇളവ് എങ്ങനെ ക്ലെയിം ചെയ്യാം?

ഈ ഇളവ് ക്ലെയിം ചെയ്യുന്നതിനായി, ജീവനക്കാര്‍ നിക്ഷേപ തെളിവുകള്‍ സമര്‍പ്പിക്കുന്ന സമയത്ത്, സ്‌കൂളില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച ഫീസ് രസീതുകള്‍ തൊഴിലുടമയ്ക്ക് നല്‍കുകയും ഫോം 12BBയില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണം. സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുടമ വഴി ഇളവ് ക്ലെയിം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുമ്പോള്‍ ഇത് ക്ലെയിം ചെയ്യാവുന്നതാണ്.

school education
വാട്‌സ്ആപ്പ് ഹാക്ക് ചെയ്താല്‍ എല്ലാം നഷ്ടപ്പെടും; അക്കൗണ്ട് സുരക്ഷിതമാക്കാം, 5 കാര്യങ്ങള്‍ അറിയാം
school education
'സൗജന്യയാത്രയിലെ മിച്ചം സമ്പാദ്യമാക്കണം'; സ്ത്രീകൾക്കായി വി ഡി സതീശന്‍ പ്രഖ്യാപിച്ച പിങ്ക് ചിട്ടി എന്ത്?, വിശദമായി അറിയാം
Summary

child's education can help you save tax: Eligibility, rules, limits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com