

ന്യൂഡൽഹി: യാത്രാവേളയില്‍ നല്ല ശുചിമുറി കിട്ടുമോ എന്നതിനെ കുറിച്ച് ആശങ്കപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും വൃത്തിഹീനമായ ശുചിമുറികള്‍ സ്വാഗതം ചെയ്തതിന്റെ അനുഭവം ഉള്ളത് കൊണ്ടാണ് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഇത്തരം ആശങ്കകളും ഉയര്‍ന്നുവരുന്നത്. ഹൈവേയിലൂടെയൊക്ക യാത്ര ചെയ്യുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പുതിയ എക്‌സ്പ്രസ് വേകളിലൂടെ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. എന്നാല്‍, റോഡരികുകളില്‍ വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ശുചിമുറികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്ന 'ക്ലീന്‍ ടോയ്‌ലറ്റ് പിക്ചര്‍ ചലഞ്ച്' പദ്ധതിയുമായാണ് മന്ത്രാലയം എത്തിയിരിക്കുന്നത്. ടോള്‍ പ്ലാസയിലെ വൃത്തിഹീനമായ ശുചിമുറി ഏത് യാത്രക്കാരന്റെ ശ്രദ്ധയില്‍ പെട്ടാലും അതിന്റെ ഫോട്ടോ 'രാജ്മാര്‍ഗ് യാത്ര' ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഇത് അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍, ഉപയോക്താവിന് 1,000 രൂപ ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ യാത്രക്കാരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
ഈ പദ്ധതിയിലൂടെ കൂടുതല്‍ ആളുകള്‍ ഇതില്‍ പങ്കുചേരണമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഫാസ്ടാഗ് ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ടോള്‍ പ്ലാസകളിലെ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കപ്പെടുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates