

ന്യൂഡല്‍ഹി: അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വരും മാസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറായി ഉയരുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് എണ്ണ വിലയില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
'ബാരലിന് 72.07 ഡോളറില്‍ നിന്ന് ബ്രെന്റ് ക്രൂഡിന്റെ വില സമീപഭാവിയില്‍ തന്നെ 76 ഡോളറിലേക്ക് എത്തിയേക്കാം. 2025 വര്‍ഷാവസാനം 80-82 യുഎസ് ഡോളറില്‍ എത്തിയേക്കാം. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് 10-12 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്. ഇത് പരാജയപ്പെട്ടാല്‍ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക ഉപരോധങ്ങളും 100 ശതമാനം താരിഫുകളും ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇത് എണ്ണവില ഉയര്‍ത്തും.' - വിപണി വിദഗ്ധര്‍ പറയുന്നു.
ട്രംപിന്റെ ഈ നീക്കം എണ്ണവില ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. കാരണം റഷ്യന്‍ ക്രൂഡിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ വിലകുറഞ്ഞ എണ്ണ വാങ്ങണോ അതോ യുഎസിലേക്കുള്ള കനത്ത കയറ്റുമതി തീരുവ നേരിടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരാം. റഷ്യന്‍ എണ്ണ ഇന്ത്യന്‍ റിഫൈനറികളിലേക്ക് ഒഴുകുന്നത് നിന്നാല്‍, ആഗോള തലത്തില്‍ വില തീര്‍ച്ചയായും ഉയരും. ഇന്ത്യയിലെ റിഫൈനറികള്‍ 40 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ എണ്ണയുടെ കുറവുണ്ടാകില്ല. പക്ഷേ ഇന്ധനവില കൂടുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയും തെരഞ്ഞെടുത്ത ഒപ്പെക് രാജ്യങ്ങളും വിതരണ വിടവ് നികത്താന്‍ ഇടപെട്ടാലും അതിന് സമയമെടുക്കും. ഇത് ഹ്രസ്വകാല വില സമ്മര്‍ദ്ദത്തിന് കാരണമായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates