

ന്യൂഡല്‍ഹി: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നിരിക്കുകയാണ്.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 90.70 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം, 0.7 ശതമാനം വര്‍ധനയോടെ 90.26 ഡോളറില്‍ വ്യാപാരം തുടരുകയാണ്. വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ് വില ഉയരാന്‍ കാരണം.
വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ രംഗത്ത് എത്തുന്നതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ നാവിക ഉപരോധം തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയന്‍ ആഭ്യന്തര പ്രശ്നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates