

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരമേകാന്‍ വൈവിധ്യമാര്‍ന്ന പലഹാരങ്ങളുമായി കേരളത്തില്‍ വിപണി സജീവമായി. വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം കോഴിക്കോടന്‍ ഹല്‍വ, മൈസൂര്‍പാക്ക്, ജിലേബി, ലഡു, ബര്‍ഫി, പേഡ തുടങ്ങിയ പലഹാരങ്ങളും വിപണിയിലുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ തനത് മധുരവിഭവങ്ങളും വിപണി പിടിക്കാന്‍ ഉണ്ട്.
ദീപാവലിക്ക് ആഴ്ചകള്‍ക്കുമുമ്പേ വിപണിയിലെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രാദേശിക ഉല്‍പ്പാദകരും സജീവമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ നേരിയ വര്‍ധനയുണ്ട്. ആറുമുതല്‍ പത്തുവരെ ഇനം പലഹാരങ്ങളടങ്ങിയ 500 ഗ്രാം, ഒരു കിലോ പെട്ടികളാണ് പ്രധാനമായി വിപണിയിലുള്ളത്. കിലോയ്ക്ക് 400 മുതല്‍ 500 രൂപ വരെയാണ് ശരാശരി വില. പ്രത്യേക മധുവിഭവ പെട്ടികള്‍ക്ക് 800 മുതല്‍ 1600 രൂപ വരെയും വിലയുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില 60-70 രൂപയായി ഉയര്‍ന്നതോടെ നിര്‍മ്മാണച്ചെലവ് വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു.
അതിനിടെ ദീപാവലിക്ക് മുന്നോടിയായി ഡ്രൈഫൂട്ട്സ് വിപണിയില്‍ വന്‍ വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വിതരണത്തിലുണ്ടായ തടസ്സങ്ങള്‍, ഉയര്‍ന്ന ചരക്കുകൂലി, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി ഹൈദരാബാദിലെ വ്യാപാരികള്‍ പറയുന്നത്. സൗദിക്കു നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് കപ്പല്‍ ഗതാഗത പാതകള്‍ തിരിച്ചുവിട്ടത് ചരക്കുനീക്കത്തിന്റെ സമയവും ഗതാഗതച്ചെലവും വര്‍ധിക്കാന്‍ കാരണമായി. ഇറക്കുമതിക്കാര്‍ ഈ അധിക ബാധ്യത മൊത്തക്കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൈമാറുകയാണ്. ഉത്സവ സീസണിനും വിവാഹങ്ങള്‍ക്കും മുന്നോടിയായി ആവശ്യക്കാര്‍ കൂടുതലാകുന്ന സമയത്താണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന അമേരിക്കന്‍ ബദാമിന്റെ വില കിലോയ്ക്ക് 880 രൂപയില്‍ നിന്ന് 1,230 രൂപയായി ഉയര്‍ന്നു. പിസ്തയുടെ വില 1,500 രൂപയില്‍ നിന്ന് 2,000 രൂപയായും വാല്‍നട്ടിന്റെ വില 1,600 രൂപയില്‍ നിന്ന് 2,100 രൂപയായും വര്‍ദ്ധിച്ചു. ഡിസംബര്‍ വരെ വിലകുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം കച്ചവടത്തെയും സാരമായി ബാധിച്ചതായും വില്‍പ്പനയില്‍ 40 ശതമാനം വരെ കുറവുണ്ടായതായും വ്യാപാരികള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates