25,000 മുതല്‍ 44,000 രൂപ വരെ, കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; കുംഭമേളയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി മലയാളികള്‍

മഹാകുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടും കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നു
Despite high airfares, heavy rush on Kochi-Prayagraj sector
ജനുവരിയുടെ അവസാനം കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് 50,000 കടന്നിരുന്നുഫയൽ
Updated on
1 min read

കൊച്ചി: മഹാകുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടും കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നു. ഇളവ് പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ജനുവരിയുടെ അവസാനം കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് 50,000 കടന്നിരുന്നു. എന്നാല്‍ നിലവില്‍ 25,000നും 44,000നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസങ്ങളില്‍ ശരാശരി ടിക്കറ്റ് നിരക്ക് 25000ന് മുകളിലാണെങ്കിലും ഇന്ന് കുറഞ്ഞ നിരക്ക് 43,414 രൂപയാണെന്ന് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ മെയ്ക്ക്‌മൈട്രിപ്.കോം കണക്കുകള്‍ വ്യക്തമാക്കുന്നു. നിരക്ക് റോക്കറ്റ് പോലെ കുതിച്ചിട്ടും തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. കുംഭമേളയുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കാന്‍ കൊച്ചി- പ്രയാഗ് രാജ് സെക്ടറില്‍ തീര്‍ഥാടകരുടെ വലിയ തോതിലുള്ള തിരക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്.

'കഴിഞ്ഞ രണ്ടാഴ്ചയായി, പ്രത്യേകിച്ച് രണ്ട് മലയാളി താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്തതിന് ശേഷം, പ്രയാഗ് രാജിലേക്കുള്ള ടിക്കറ്റിനായി വലിയ ആവശ്യകത അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരി 26 ന് ശിവരാത്രി ദിനത്തില്‍ അവസാനിക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ നിരവധി മലയാളികള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നുണ്ട്. മേളയുടെ അവസാന ദിവസം വരെ ഡിമാന്‍ഡ് തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡയറക്ട് ഫ്‌ലൈറ്റുകളിലെ വിമാന ടിക്കറ്റ് നിരക്ക് സാധാരണ വരാറുള്ള 8,000-10,000 രൂപയ്ക്ക് പകരം 25,000 രൂപയ്ക്ക് മുകളിലാണ്,'- അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയര്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു.

നടന്‍ ജയസൂര്യയും കുടുംബവും നടി സംയുക്ത മേനോനും കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്രമുഖ വിമാന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രമാണ് കൊച്ചിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് കുറഞ്ഞത് ഒരു സ്റ്റോപ്പ് ഓവറുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നത്. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ MakeMyTrip.com അനുസരിച്ച്, ഫെബ്രുവരി 18ന് കൊച്ചി- പ്രയാഗ് രാജ് സെക്ടറിലെ ഏറ്റവും കുറഞ്ഞ നിരക്ക് 43,414 രൂപയാണ്. അടുത്ത ദിവസം ഇത് 27,592 രൂപയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 25 വരെ ടിക്കറ്റ് നിരക്കുകള്‍ 25,000 രൂപയ്ക്ക് മുകളിലാണ്. ഫെബ്രുവരി 26 മുതല്‍ അവ 10,000 രൂപയില്‍ താഴെയാണ്. ഉദാഹരണത്തിന്, ഫെബ്രുവരി 28ന് കൊച്ചിയില്‍ നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് വൈകുന്നേരം 3.55 ന് പ്രയാഗ്രാജില്‍ എത്തുന്ന ഇന്‍ഡിഗോ വിമാനത്തിന് ടിക്കറ്റ് നിരക്ക് 8,090 രൂപ മാത്രമാണ്. ബംഗളൂരുവില്‍ സ്റ്റോപ്പ് ഉണ്ട്.

ഫെബ്രുവരി 1 മുതല്‍ കുംഭമേളയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു പ്രഖ്യാപിച്ചിട്ടും നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ മാസം അവസാനം കൊച്ചി-പ്രയാഗ്രാജ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ 50,000 രൂപയിലധികമായി ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com