'അത് തട്ടിപ്പ് നമ്പറാണ്, ഉടന്‍ ഫ്‌ലാഗ്'; ഇനി യുപിഐ ഇടപാടുകളില്‍ സുരക്ഷ; പുതിയ സംവിധാനം ഒരുക്കി കേന്ദ്രം

സൈബര്‍ തട്ടിപ്പ് തടയുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പുതിയ സംവിധാനം അവതരിപ്പിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്
financial fraud risk
ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ എന്ന പേരിലാണ് പുതിയ ടൂൾഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പ് തടയുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പുതിയ സംവിധാനം അവതരിപ്പിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ഒരു മൊബൈല്‍ നമ്പര്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ബാങ്കുകള്‍, പേയ്മെന്റ് ആപ്പുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ (FRI) എന്ന പേരില്‍ പുതിയ ടൂളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അവതരിപ്പിച്ചത്.

ഒരു ഫോണ്‍ നമ്പറിന് മുന്‍കാല തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തുന്ന തരത്തിലാണ് ടൂള്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പിന്റെ വ്യാപ്തി അനുസരിച്ച് ആ ഫോണ്‍ നമ്പറിനെ മീഡിയം, ഹൈ അല്ലെങ്കില്‍ വെരി ഹൈ റിസ്‌ക് എന്ന് ടൂള്‍ അടയാളപ്പെടുത്തുകയും ചെയ്യും. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചക്ഷു പ്ലാറ്റ്ഫോം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പങ്കിടുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉറവിടങ്ങളില്‍ നിന്നാണ് ഈ ടൂള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഒരു നമ്പര്‍ അപകടകരം എന്ന നിലയില്‍ ഫ്‌ലാഗ് ചെയ്തുകഴിഞ്ഞാല്‍ സംശയാസ്പദമായ ഇടപാടുകള്‍ നിര്‍ത്താനോ ഇടപാടുകളില്‍ കാലതാമസം വരുത്താനോ കഴിയുന്ന തരത്തില്‍ സിസ്റ്റം അതിന്റെ റിസ്‌ക് ലെവല്‍ ആപ്പുകളുമായും ബാങ്കുകളുമായും വേഗത്തില്‍ പങ്കിടുന്നു. 'സൈബര്‍ തട്ടിപ്പിനെതിരെ പോരാടുന്നതിനുള്ള ഒരു വലിയ കുതിച്ചുചാട്ടത്തില്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ എന്റെ ടീം ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ അവതരിപ്പിച്ചു. തത്സമയ തട്ടിപ്പ് കണ്ടെത്തലിനും പ്രതിരോധത്തിനുമുള്ള സാങ്കേതികവിദ്യാധിഷ്ഠിത വിശകലന ഉപകരണമാണിത്. ബാങ്കുകള്‍, UPI സേവന ദാതാക്കള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പ്രവര്‍ത്തനക്ഷമമായ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ ശാക്തീകരിക്കും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് മുമ്പ് അപകടസാധ്യതയുള്ള മൊബൈല്‍ നമ്പറുകള്‍ ഫ്‌ലാഗ് ചെയ്യാന്‍ ഇത് സഹായിക്കും,' - കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

തട്ടിപ്പുകാര്‍ പലപ്പോഴും ഉപേക്ഷിക്കുന്നതിന് മുന്‍പ് കുറച്ചുദിവസങ്ങള്‍ മാത്രമാണ് ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നത്. പൂര്‍ണ്ണ പരിശോധനയ്ക്ക് സമയമെടുക്കുമെന്നതിനാല്‍, ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ വഴി നേരത്തെ മുന്നറിയിപ്പ് ലഭിക്കുന്നത് തട്ടിപ്പ് തടയുന്നതിനുള്ള ഒരു നിര്‍ണായക ചുവടുവയ്പാണെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് യുപിഐ സേവന ദാതാവായ ഫോണ്‍പേ. ഫോണ്‍പേ അപകടസാധ്യതയുള്ള ഫോണ്‍ നമ്പറുകളിലേക്കുള്ള പേയ്മെന്റുകള്‍ തടയുകയും ഉപയോക്താക്കള്‍ക്ക് അലര്‍ട്ടുകള്‍ നല്‍കുകയും ചെയ്യുന്നു. പേടിഎം, ഗൂഗിള്‍ പേ പോലുള്ള മറ്റ് പ്രധാന യുപിഐ ആപ്പുകളും എഫ്ആര്‍ഐ അലര്‍ട്ടുകള്‍ അവരുടെ സിസ്റ്റങ്ങളില്‍ സംയോജിപ്പിക്കുന്നുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് ചില പ്ലാറ്റ്ഫോമുകള്‍ ഇടപാടില്‍ കാലതാമസം, ഉപയോക്തൃ സ്ഥിരീകരണങ്ങള്‍ എന്നിവ പോലുള്ള അധിക നടപടികള്‍ അവതരിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com