മുംബൈ: കോവിഡ് കാലത്തും ഓൺലൈൻ വിപണിയിലുണ്ടായത് വൻ വിൽപ്പന. ഉത്സവകാല വിൽപന മേളയിലൂടെ ഇന്ത്യയിലെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. ഫ്ലിപ്കർട്ട്, ആമസോൺ സൈറ്റുകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. മൊബൈൽ ഫോണുകൾ, ഫാഷൻ ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിയിൽ നടന്നത്.
ബിഗ് ബില്യൺ ഡേ സെയിലിലൂടെ ഫ്‌ളിപ്കാർട്ടിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. 64 ശതമാനം മാർക്കറ്റ് ഷെയറാണ് ഫ്ലിപ്കർട്ടിന് ലഭിച്ചത്. 24 ശതമാനം മാർക്കറ്റ് ഷെയറുള്ള ആമസോൺ ആണ് തൊട്ടുപിന്നിൽ. ഈ പ്ലാറ്റ്‌ഫോമുകളിൽ ഒക്ടോബർ രണ്ട് മുതൽ പത്ത് വരെ വൻ വിൽപ്പന നടന്നു എന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ റെഡ്‌സീർ പുറത്തുവിടുന്ന കണക്ക്.
അത്യാകർഷകമായ ഓഫറുകളും വിലക്കിഴിവുകളും വാഗ്ദാനം ചെയ്താണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്‌ളിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേ സെയിലും സംഘിപ്പിക്കപ്പെട്ടത്. സ്മാർട് ഫോണുകളും ഗൃഹോപകരണങ്ങളും ഉൾപ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കമ്പനികൾ നൽകുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്താക്കളെ ആകർഷിച്ചു. ആമസോണിൽ ഇപ്പോഴും ഡീലുകളും ഓഫറുകളും തുടരുന്നുണ്ട്.
ഫാഷൻ ഉത്പന്നങ്ങളുടെ ആവശ്യം ഈ വർഷം വർധിച്ചു. ഇതിനായി വിലകുറഞ്ഞ ഉത്പന്നങ്ങൾ ലഭ്യമാക്കിയിരുന്നു. ഓൺലൈൻ ഫാഷൻ പ്ലാറ്റ്‌ഫോമായ മീഷോയും ഈ സീസണിൽ കാര്യമായ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓൺലൈൻ വിൽപന 20 ശതമാനം വർധിച്ചു. ഉപഭോക്താക്കളിൽ 61 ശതമാനവും ടയർ 2 പ്രദേശത്തുള്ളവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates