പ്രതിവര്‍ഷം 80 ലക്ഷം തൊഴിവസരങ്ങള്‍ സൃഷ്ടിക്കണം; സാമ്പത്തിക സര്‍വേയിലെ അഞ്ചു കീ പോയിന്റുകള്‍

നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 6.5- 7 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ അനുമാനം
economic survey
ധനമന്ത്രി നിർമല സീതാരാമൻപിടിഐ

നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 6.5- 7 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ അനുമാനം. ബാഹ്യമായ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയ്ക്ക് സാമ്പത്തികമായി ഏറെ മുന്നേറാന്‍ സാധിച്ചു. സാമ്പത്തികരംഗത്ത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയ വേഗം 2024 വരെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി വര്‍ദ്ധിച്ചു. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലില്‍ മൂന്ന് പാദങ്ങളിലും എട്ടുശതമാനത്തിന് മുകളിലായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്കെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പവും നിയന്ത്രണവിധേയമായിട്ടുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം 4.5 ശതമാനമായി പണപ്പെരുപ്പം കുറയുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. അടുത്ത സാമ്പത്തികവര്‍ഷം 4.1 ശതമാനമായി കുറയുമെന്നും സാമ്പത്തിക സര്‍വേ പ്രത്യാശ പ്രകടിപ്പിച്ചു. സാമ്പത്തിക സര്‍വേയിലെ അഞ്ചു പ്രധാന പോയിന്‍റുകള്‍ ചുവടെ:

1. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

വ്യാപാരം, നിക്ഷേപം, കാലാവസ്ഥ തുടങ്ങിയ സുപ്രധാന ആഗോള വിഷയങ്ങളില്‍ കരാറിലെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ വളര്‍ച്ച ഉണ്ടാകുന്നതിന് ആഭ്യന്തര രംഗത്ത് മുന്നേറ്റം അനിവാര്യമാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിലും വിദേശ നിക്ഷേപകരുടെ ഇന്ത്യയിലെ നിക്ഷേപ താല്‍പ്പര്യത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. യാഥാസ്ഥിതികമായി കണക്കാക്കിയാല്‍ ഇന്ത്യ 6.5-7 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു. 2024ല്‍ ഭൗമരാഷ്ടീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് ഉയര്‍ന്ന ചരക്ക് വില, പണപ്പെരുപ്പ സമ്മര്‍ദ്ദം, ധനനയം ലഘൂകരിക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇത് ആര്‍ബിഐയുടെ പണ നയ നിലപാടിനെ സ്വാധീനിച്ചേക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കി.

2. പണപ്പെരുപ്പം

നിലവില്‍ പണപ്പെരുപ്പ നിരക്ക് ആശ്വാസം നല്‍കുന്നതാണ്. ഫലപ്രദമായ ധനനയ നിര്‍വഹണമാണ് പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചത്. മൊത്തത്തിലുള്ള പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുമ്പോഴും ചില മേഖലകള്‍ ഇപ്പോഴും സമ്മര്‍ദ്ദം നേരിട്ടേക്കാം. ഇതില്‍ ഭക്ഷ്യവിലക്കയറ്റമാണ് ആശങ്ക ഉണ്ടാക്കുന്നത്. ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലുകളുടെ ആവശ്യകത സര്‍വേ ഊന്നിപ്പറയുന്നു. നടപ്പുസാമ്പത്തികവര്‍ഷം 4.5 ശതമാനമായി പണപ്പെരുപ്പം കുറയുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. അടുത്ത സാമ്പത്തികവര്‍ഷം 4.1 ശതമാനമായി കുറയുമെന്നും സാമ്പത്തിക സര്‍വേ പ്രത്യാശ പ്രകടിപ്പിച്ചു.

3. തൊഴിലും നൈപുണ്യ വികസനവും

വിപരീത കുടിയേറ്റവും തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചതും കാര്‍ഷിക തൊഴിലവസരങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമായതായാണ് ലേബര്‍ സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ ശക്തിയെ ഉള്‍ക്കൊള്ളാന്‍ 2036 വരെ ഇന്ത്യ കാര്യമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരുമെന്നും സര്‍വേ കണക്കാക്കുന്നു. പ്രതിവര്‍ഷം 80 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇത് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂ. കാര്‍ഷിക രംഗത്തിന് വെളിയില്‍ വേണം ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു.കാര്യക്ഷമമായ നൈപുണ്യ വികസനത്തിന് സര്‍ക്കാര്‍, അക്കാദമിക്, സ്വകാര്യ മേഖല എന്നിവയുടെ സഹകരണം അനിവാര്യമാണെന്നും സര്‍വേ സൂചിപ്പിക്കുന്നു.

4. സേവനമേഖല

ജിഡിപിയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന സേവന മേഖല സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലക ശക്തിയായി തുടരുന്നു. സേവന നിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത സര്‍വേ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന സൗകര്യവികസനം വര്‍ധിപ്പിക്കുന്നതിനായി പൊതു നിക്ഷേപ സംരംഭങ്ങളെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്.

5. സാമൂഹിക ക്ഷേമം

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും ഗ്രാമീണരെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമൂഹിക ക്ഷേമ പരിപാടികളുടെ പ്രാധാന്യം സര്‍വേ ഊന്നിപ്പറയുന്നു. പുരോഗതിയുണ്ടെങ്കിലും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വിഭവങ്ങളിലേക്ക് തുല്യമായ പ്രവേശനവും ഉറപ്പാക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ സര്‍വേ എടുത്തുപറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com