ലോകത്തെ ഏറ്റവും വലിയ എഐ പ്രോജക്ട് പ്രഖ്യാപിച്ച് ട്രംപ്, ഒന്നിക്കുന്നത് മൂന്ന് ടെക് ഭീമന്മാര്‍, 50,000 കോടി ഡോളര്‍ നിക്ഷേപം; സംശയം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്

അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചു
Trump Backs Sam Altman For World's Largest AI Project
ഡൊണള്‍ഡ് ട്രംപ് എപി
Updated on
2 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് പുതിയ പ്രോജക്ട്. സ്റ്റാര്‍ ഗേറ്റ് എന്നാണ് പ്രോജക്ടിന് പേര് നല്‍കിയിരിക്കുന്നത്.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡൊണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയില്‍ പങ്കാളിത്തം സാധ്യമാകുന്നതിനെക്കുറിച്ച് എന്‍വിഡിയയും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ട്രംപിന്റെ അടുത്ത അനുയായിയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഈ മെഗാ പ്രോജക്ടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

സ്റ്റാര്‍ഗേറ്റ് പ്രോജക്ട് ഔദ്യോഗികമായി ആരംഭിക്കുന്നതിനായി മൂന്ന് സ്ഥാപനങ്ങളുടെയും സിഇഒമാര്‍ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. 'ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ആയിരിക്കുമെന്നും കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ പദ്ധതി അമേരിക്കയില്‍ 100,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

'അടുത്ത തലമുറ എഐയെ ശക്തിപ്പെടുത്തുന്നതിനായി ഭൗതിക സൗകര്യങ്ങളും വെര്‍ച്വല്‍ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാര്‍ഗേറ്റ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ഗേറ്റിന്റെ ആദ്യത്തെ ഒരു ദശലക്ഷം ചതുരശ്ര അടി ഡാറ്റാ സെന്റര്‍ ടെക്‌സാസില്‍ ഇതിനകം നിര്‍മ്മാണത്തിലിരിക്കുകയാണെന്ന് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍ പറഞ്ഞു.

ട്രംപിന്റെ അടുത്ത അനുയായിയും വിശ്വസ്തനുമായ ഇലോണ്‍ മസ്‌കിനെ പദ്ധതിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇലോണ്‍ മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പദ്ധതി സംബന്ധിച്ച് സംശയം ഉന്നയിച്ചു. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ കഴിയുമോ എന്ന സംശയമാണ് മസ്‌ക് ഉന്നയിച്ചത്. 'അവരുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ പണമില്ല (500 ബില്യണ്‍ ഡോളര്‍).'- ഇലോണ്‍ മക്‌സ് എക്‌സില്‍ കുറിച്ചു.

2015 ല്‍ ഓപ്പണ്‍എഐ ആരംഭിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക് അതിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു.ലാഭേച്ഛയില്ലാത്ത ഒരു സംഘടനയായതിനാല്‍, ധനസഹായം ആവശ്യമായി വന്നപ്പോള്‍, ഇലോണ്‍ മസ്‌ക് പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ 2018 ല്‍ മസ്‌ക് ഓപ്പണ്‍എഐ വിട്ടു.

സമീപകാലത്ത്, ഇലോണ്‍ മസ്‌കും സാം ആള്‍ട്ട്മാനും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളായി. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ചാറ്റ്ജിപിടി നിര്‍മ്മാതാവിനെതിരെ കേസ് കൊടുത്തു. ചാറ്റ്ജിപിടി നിര്‍മ്മാതാവ് ലൈസന്‍സിങ് കരാറുകളും ആന്റി ട്രസ്റ്റ് നിയമങ്ങളും ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് മസ്‌ക് ഓപ്പണ്‍എഐക്കും സാം ആള്‍ട്ട്മാനുമെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com