

ന്യൂഡല്‍ഹി: സാധാരണ ഗതിയില്‍ ഭൂരിഭാഗം നിക്ഷേപകരും ഇപിഎഫ്, എന്‍പിഎസ്, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയെ താരതമ്യം ചെയ്യാറില്ല. പകരം, ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്നതോ അല്ലെങ്കില്‍ തങ്ങള്‍ക്ക് പരിചിതമായതോ ആയ നിക്ഷേപ രീതികളുമായി അവര്‍ മുന്നോട്ട് പോകുന്നു. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇവ ഓരോന്നും നല്‍കുന്ന റിട്ടേണില്‍ വലിയ വ്യത്യാസമുണ്ടെന്ന് കാണാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിരമിക്കല്‍ കാലത്തേക്ക് കൂടുതല്‍ വിശ്വസനീയമായ ഒരു തുക കെട്ടിപ്പടുക്കാന്‍ ഏതാണ് സഹായിക്കുക എന്നതാണ് പ്രധാനം. ഈ മൂന്ന് നിക്ഷേപങ്ങളും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് രൂപം നല്‍കിയിരിക്കുന്നത്. ഇപിഎഫ് പ്രധാനമായും സാമ്പത്തിക സുരക്ഷിതത്വത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഏകദേശം 8 മുതല്‍ 8.5 ശതമാനം വരെ റിട്ടേണ്‍ നല്‍കുന്ന ഇതിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
നികുതിയില്ലാത്ത സമ്പാദ്യം എന്ന നിലയില്‍ ശമ്പളക്കാരായ മിക്കവരുടെയും വിരമിക്കല്‍ കാലത്തെ പ്രധാന സമ്പാദ്യമാണിത്. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവയുടെ മിശ്രിതമാണ് എന്‍പിഎസ്. ഇതില്‍ 9 മുതല്‍ 11 ശതമാനം വരെ റിട്ടേണ്‍ ലഭിക്കാറുണ്ട്. ഇത് നിക്ഷേപത്തില്‍ അച്ചടക്കം കൊണ്ടുവരുന്നുണ്ടെങ്കിലും ചില നിബന്ധനകളും ഇതിനുണ്ട്. മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരാശരി 11 മുതല്‍ 13 ശതമാനം വരെ റിട്ടേണ്‍ നല്‍കാന്‍ സാധിക്കും. പക്ഷേ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ റിട്ടേണ്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ല.
പണപ്പെരുപ്പത്തെ മറികടക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മ്യൂച്ചല്‍ ഫണ്ട്. 20,000 രൂപ വീതം 25 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ ഏതാണ് കൂടുതല്‍ റിട്ടേണ്‍ നല്‍കുക എന്ന് നോക്കാം. ഇപിഎഫില്‍ 8.25 ശതമാനമാണ് ( നിലവിലെ നിരക്ക്) പലിശ. 25 വര്‍ഷം കൊണ്ട് 2 കോടി രൂപയാണ് ലഭിക്കുക. മുഴുവന്‍ തുകയും നികുതിരഹിതമാണ്. 10 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന എന്‍പിഎസില്‍ കാലാവധി കഴിയുമ്പോള്‍ 2.72 കോടി രൂപ ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാവധി കഴിയുമ്പോള്‍ 60 ശതമാനം തുക മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കൂ. ഇതിന് നികുതി നല്‍കേണ്ടതില്ല. ബാക്കി തുക പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി ആന്യൂവിറ്റി സ്‌കീമില്‍ നിക്ഷേപിക്കേണ്ടതായി വരും. സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്ക് 80 ശതമാനം പിന്‍വലിക്കാം. ഇതില്‍ 60 ശതമാനത്തിന് നികുതി നല്‍കേണ്ടതില്ല. 20 ശതമാനം നികുതി വിധേയമാണ്. ശേഷിക്കുന്ന 20 ശതമാനം പെന്‍ഷന്‍ ലഭിക്കുന്നതിന് വേ്ണ്ടി ആന്യുവിറ്റി സ്‌കീമില്‍ നിക്ഷേപിക്കേണ്ടതായി വരും. മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ 3.79 കോടി രൂപയാണ് ലഭിക്കുക. ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍ ദീര്‍ഘകാല മൂലധന നേട്ടം കണക്കാക്കി 12.5 ശതമാനം നികുതി നല്‍കേണ്ടതായി വരും.
ഇപിഎഫ് നിക്ഷേപത്തിന് സുരക്ഷ നല്‍കുന്നു. എന്‍പിഎസ് വൈവിധ്യവല്‍ക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടുകള്‍ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കുന്നു. ഇവ പരസ്പര വിരുദ്ധമായ ഉല്‍പ്പന്നങ്ങളല്ല. മറിച്ച് ശരിയായ രീതിയില്‍ സംയോജിപ്പിക്കേണ്ട നിക്ഷേപ മാര്‍ഗ്ഗങ്ങളാണ്. വിരമിക്കല്‍ കാലത്തേക്കുള്ള ആസൂത്രണം എന്നത് കേവലം സുരക്ഷിതമായ നിക്ഷേപം കണ്ടെത്തലല്ല, മറിച്ച് സുരക്ഷയും വളര്‍ച്ചയും ഒത്തുചേരുന്ന ഒരു രീതി കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates