

ന്യൂഡല്‍ഹി: അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കല്‍ അപേക്ഷകള്‍ അന്നേദിവസം തന്നെ അല്ലെങ്കില്‍ പരമാവധി രണ്ട് ദിവസത്തിനകം തീര്‍പ്പാക്കാനുള്ള സംവിധാനം നിലവില്‍ വന്നതായി ഇപിഎഫ്ഒ. ഇത് ജീവനക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്‍പുണ്ടായിരുന്ന കുടിശ്ശികകള്‍ പൂര്‍ണമായി തീര്‍പ്പാക്കാന്‍ സാധിച്ചതായി ഇപിഎഫ്ഒ കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ രമേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു രമേഷ് കൃഷ്ണമൂര്‍ത്തി.
'അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലുണ്ടായിരുന്ന കുടിശ്ശികകളെല്ലാം ഞങ്ങള്‍ ഏതാണ്ട് തീര്‍പ്പാക്കിക്കഴിഞ്ഞു. പുതിയ സംവിധാനത്തില്‍ ഓട്ടോ സെറ്റില്‍മെന്റ് ക്ലെയിമുകളുടെ നിരക്ക് 90 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ട്. അംഗങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെയോ അല്ലെങ്കില്‍ പരമാവധി രണ്ട് ദിവസത്തിനുള്ളിലോ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- രമേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
നിലവില്‍ കെവൈസി പൂര്‍ത്തിയാക്കിയ ശേഷം നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സാധാരണയായി ഏഴുമുതല്‍ 10 പ്രവൃത്തി ദിവസം വരെയാണ് എടുക്കുന്നത്. മുമ്പ് ഒരു ലക്ഷം രൂപയായിരുന്ന ഓട്ടോമാറ്റിക് ക്ലെയിം സെറ്റില്‍മെന്റ് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ കെവൈസി പൂര്‍ണമാണെങ്കില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലോ, തൊഴിലുടമയുടെ അനുമതിയോ ഇല്ലാതെ കമ്പ്യൂട്ടല്‍ സിസ്റ്റം സ്വയമേവ പ്രോസസ് ചെയ്യും. ഇതിലൂടെ തുക 24 മുതല്‍ 48 മണിക്കൂറിനകം ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തും.
ഇതിന് പുറമേ ഒരുമാസത്തിനകം യുപിഐ വഴി പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ സാധിക്കുമെന്നും രമേഷ് കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഭീം യുപിഐ പ്ലാറ്റ്‌ഫോം വഴി ക്ലെയിമുകള്‍ നടത്താന്‍ അനുമതി നല്‍കാനാണ് ഇപിഎഫ്ഒ ഒരുങ്ങുന്നത്. പുതിയ മാറ്റങ്ങള്‍ പ്രകാരം 75 ശതമാനം വരെ തുക പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്ക് സാധിക്കും. വിരമിക്കല്‍ കാലത്തേയ്ക്കുള്ള സമ്പാദ്യമെന്ന നിലയില്‍ മൊത്തം ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം അക്കൗണ്ടില്‍ നിര്‍ബന്ധമായി നിലനിര്‍ത്തേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates