

മുംബൈ: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്നു. ഏപ്രിലിലെ ആദ്യ രണ്ട് വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകര്‍ 19,837 കോടി രൂപയാണ് പിന്‍വലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം, വര്‍ദ്ധിച്ചുവരുന്ന അസംസ്‌കൃത എണ്ണ വില, തുടര്‍ച്ചയായ രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ 1.17 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്. പ്രതിമാസ പിന്‍വലിക്കല്‍ കണക്കുകളില്‍ ഇത് ഏറ്റവും മോശം കണക്കാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് മുമ്പ്, ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 22,615 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 17 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഏപ്രിലില്‍ ഇതുവരെ 19,837 കോടി രൂപ പിന്‍വലിച്ചതോടെ, ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച തുക 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള മാക്രോ ഇക്കണോമിക് പ്രതിസന്ധികളും ഉയര്‍ന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വവുമാണ് തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. രൂപയുടെ സ്ഥിരമായ ഇടിവ്, ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചത് എന്നിവയാണ് വിദേശ നിക്ഷേപകരുടെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് കാരണമായതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates