

ന്യൂഡല്‍ഹി: പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളര്‍ച്ചയുടെ മാന്ദ്യം തുടങ്ങിയ വെല്ലുവിളികള്‍ രാജ്യം നേരിടുന്ന ഘട്ടത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുടെ നിയമനം. 1990 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസറാണ് മല്‍ഹോത്ര.
26-ാമത് ആര്‍ബിഐ ഗവര്‍ണറാകുന്ന മല്‍ഹോത്ര കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 33 വര്‍ഷത്തെ തന്റെ കരിയറില്‍, വൈദ്യുതി, ധനകാര്യം, നികുതി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഖനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍, ധനമന്ത്രാലയത്തില്‍ സെക്രട്ടറി (റവന്യൂ) ആണ്.മുന്‍പ് ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ തന്നെയുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറി പദവി വഹിച്ചിരുന്നു. അവസാന നിമിഷം വരെ നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നിയമനം.
മൂന്ന് വര്‍ഷത്തേയ്ക്കാണ് സഞ്ജയ് മല്‍ഹോത്രയുടെ നിയമനം. നാളെ അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് സ്ഥാനമൊഴിയും. 2018ലാണ് ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍ ആകുന്നത്. നിലവില്‍ അഞ്ചുവര്‍ഷം എന്ന കാലാവധി കഴിഞ്ഞും സര്‍വീസില്‍ തുടരുകയായിരുന്നു ശക്തികാന്ത ദാസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates