

ന്യൂഡല്‍ഹി: മൊബൈല്‍ സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തിനു പകരം 30 ദിവസത്തെ പ്ലാന്‍ നല്‍കുന്നതിനു പ്രാമുഖ്യം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടി അംഗം രാഘവ് ഛദ്ദ ഇക്കാര്യം ഉന്നയിച്ചതിനു പ്രതികരമായി, കമ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുന്ന കാര്യം വ്യക്തമാക്കിയത്.
മിക്ക ടെലികോം കമ്പനികളും ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ പ്ലാന്‍ ആണ് നല്‍കുന്നത്. നേരത്തെ 30 ദിവസത്തെ പ്ലാന്‍ നല്‍കണമെന്ന് ട്രായി നിര്‍ദേശം വന്നിരുന്നെങ്കിലും 28 ദിവസത്തെ പ്ലാന്‍ നല്‍കുന്നതു കമ്പനികള്‍ തുടരുകയാണ്. ഇതു മൂലം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 തവണ റീ ചാര്‍ജ് ചെയ്യേണ്ടി വരും. ഓരോ തവണത്തെയും റീചാര്‍ജില്‍ രണ്ടു ദിവസത്തെ വ്യത്യാസം മാത്രമേ ഉണ്ടാവൂ എങ്കിലും ഫലത്തില്‍ വര്‍ഷം ഒരു മാസം അധിക ചാര്‍ജ് ആണ് 28 ദിവസ പ്ലാന്‍ തെരഞ്ഞെടുക്കുന്നതിലൂടെ ചെയ്യേണ്ടി വരിക.
മുപ്പതു ദിവസത്തെ പ്ലാനുകള്‍ക്കു പ്രാമുഖ്യം നല്‍കി അവതരിപ്പിക്കാന്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയില്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ 28 ദിവസ പ്ലാനുകള്‍ അവസാനിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല.
പാര്‍ലമെന്റില്‍ നേരത്തെ തന്നെ താന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നെന്ന്, രേഖകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കൊടിക്കുന്നില്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ 11ന് താന്‍ ഇക്കാര്യം ഫോളോ അപ് ചെയ്യുകയും ചെയ്തിരുന്നെന്നും കൊടിക്കുന്നില്‍ അറിയിച്ചു.
കൊടിക്കുന്നിലിന്റെ പോസ്റ്റ്:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates