

ന്യൂഡല്‍ഹി: 20 ശതമാനം വരെ എഥനോള്‍ അടങ്ങിയതും എൻജിന്റെ കേടുപാട് കുറയ്ക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ 95 മാനദണ്ഡം പെട്രോളിന് ഉണ്ടായിരിക്കണമെന്നും എണ്ണ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ്.
എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.കരിമ്പ്, ചോളം, എന്നിവയുടെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
2023-2025 മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മിക്ക വാഹനങ്ങളും എഥനോള്‍ 20ല്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ നേരിയ കുറവ് (3-7 ശതമാനം) ഉണ്ടാകും.
എന്‍ജിന്‍ കേടുപാടുകള്‍ തടയുന്നതിനാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ 95 വേണമെന്ന് നിര്‍ബന്ധിക്കുന്നത്. എന്‍ജിനുള്ളില്‍ ഇന്ധനം തുല്യമായിട്ടല്ല കത്തുന്നതെങ്കില്‍ കാലക്രമേണ എന്‍ജിന്‍ കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ 95 മാനദണ്ഡം പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്.
ലളിതമായി പറഞ്ഞാല്‍, ഒക്ടെയ്ന്‍ എന്നാല്‍ സമ്മര്‍ദ്ദ സാഹചര്യത്തിലും ഇന്ധനത്തിന്റെ സ്വയം നിയന്ത്രണത്തെ കാണിക്കുന്നു. ഉയര്‍ന്ന മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ (RON) എന്നാല്‍ ഉയര്‍ന്ന കംപ്രഷനിലും ഇന്ധനം സ്ഥിരതയുള്ളതായി തുടരുന്നു എന്നാണ്.എഥനോളിന് സ്വാഭാവികമായും ഉയര്‍ന്ന ഒക്ടെയ്ന്‍ മൂല്യമുണ്ട് (ഏകദേശം 108 RON). 20 ശതമാനം എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്നത് റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates