

ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചെറിയ തുക നിക്ഷേപിച്ച് വലിയ സാമ്പത്തിക സുരക്ഷ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് കീഴിലുള്ള ഗ്രാമ സുരക്ഷാ യോജന.
19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ ചേരാം. നിക്ഷേപകന്റെ പ്രായത്തെയും തെരഞ്ഞെടുത്ത പോളിസി കാലാവധിയെയും ആശ്രയിച്ച്, സ്‌കീമിന്റെ കാലാവധി 80 വയസ് വരെയാവാന്‍ സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും ഒരുമിച്ച് ലഭിക്കാന്‍ സഹായകമായ പദ്ധതിയാണിത്. ദീര്‍ഘകാല നിക്ഷേപത്തിന് ബോണസ് ആനുകൂല്യം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ ചേരുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമ സുരക്ഷാ യോജന അപേക്ഷാ ഫോം വാങ്ങി പൂരിപ്പിക്കാവുന്നതാണ്.
നിക്ഷേപകര്‍ക്ക് പ്രീമിയം പേയ്മെന്റിനായി നിരവധി ഓപ്ഷനുകള്‍ ലഭിക്കും. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കാം. ഈ പദ്ധതിയില്‍, നാല് വര്‍ഷത്തെ പ്രീമിയം അടച്ചാല്‍ നിക്ഷേപകര്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷേ അഞ്ച് വര്‍ഷത്തിന് മുമ്പ് സറണ്ടര്‍ ചെയ്താല്‍ ബോണസ് ആനുകൂല്യം ലഭ്യമാകില്ല. പദ്ധതിയുടെ കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, നോമിനിക്ക് മുഴുവന്‍ സം അഷ്വേര്‍ഡ് തുകയും ബോണസുകളും ലഭിക്കും.
ഈ പദ്ധതിയില്‍ ലഭിക്കുന്ന മെച്യൂരിറ്റി തുക സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ബോണസ് നിരക്കിനെ ആശ്രയിച്ചിരിക്കും. ഉദാഹരണമായി, ഓരോ 1,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും വര്‍ഷത്തില്‍ 60 രൂപ ബോണസ് ലഭിക്കുന്നതായി കരുതുക. ഒരു വ്യക്തി 19-ാം വയസ്സില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്ത് 60 വയസ്സ് വരെ (41 വര്‍ഷം) പ്രീമിയം അടയ്ക്കുകയാണെങ്കില്‍
ഒരു വര്‍ഷത്തെ ബോണസ്:
(10,00,000 ÷ 1,000) × 60 = 60,000
41 വര്‍ഷത്തെ മൊത്തം ബോണസ്: 60,000 × 41 = 24,60,000
മെച്യൂരിറ്റി തുക: ഇന്‍ഷുറന്‍സ് തുക 10,00,000 + ബോണസ് 24,60,000 = 34,60,000 (ഏകദേശം 35 ലക്ഷം രൂപ)
ബോണസ് നിരക്ക് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിച്ചേക്കാം. യഥാര്‍ത്ഥ മെച്യൂരിറ്റി തുക നിലവിലെ ബോണസ് നിരക്കും പോളിസി വ്യവസ്ഥകളും അനുസരിച്ച് വ്യത്യാസപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates