

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമവായങ്ങള്‍ ഉണ്ടാക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് നിലവില്‍ 12 ശതമാനത്തിന്റെ ജിഎസ്ടി പരിധിയില്‍ വരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദായ നികുതി ഇളവ് വരുത്തിയതിന് സമാനമായ രീതിയില്‍ ഇളവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
12 ശതമാനത്തിന്റെ പരിധിയിലുള്ള ചരക്കുകള്‍ അഞ്ച്, പതിനെട്ട് സ്ലാബുകളിലേക്ക് മാറ്റാനാണ് ആലോചന. ഇത് നിരക്ക് ഘടന ലളിതമാക്കുമെങ്കിലും കേന്ദ്രത്തിനും സംസ്ഥാനത്തിലും 80,000 കോടിയുടെ വരുമാനം നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തുക എളുപ്പമാകില്ല. വരുമാനം നഷ്ടം കണക്കിലെടുത്ത് ഇത്തരമൊരു തീരുമാനത്തോട് പ്രത്യേകിച്ച് ബിജെപി ഇതര സംസ്ഥാനങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കാന്‍ ഇടയില്ല. അതിന്റെ ഭാഗമായാണ് സംസ്ഥാനവുമായി ചര്‍ച്ച നടത്താനുള്ള കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നീക്കം.
പുനഃക്രമീകരണത്തിലൂടെ കൂടുതലായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്‌സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates