Year Ender 2025|ജിഎസ്ടി ലഘൂകരണം, ആദായ നികുതി വിപ്ലവം, പകരച്ചുങ്കം...; സാമ്പത്തികരംഗത്തെ അലയൊലികള്‍

മറ്റു മേഖലകള്‍ പോലെ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കുമാണ് 2025 സാക്ഷ്യം വഹിച്ചത്
gst reforms
gst reforms
Updated on
4 min read

മറ്റു മേഖലകള്‍ പോലെ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കുമാണ് 2025 സാക്ഷ്യം വഹിച്ചത്. ജിഎസ്ടി ലഘൂകരണം, ആദായ നികുതി പ​രിധിയിലെ മാറ്റം, ഒരു ലക്ഷം തൊട്ട് സ്വര്‍ണവില, ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ പകരച്ചുങ്കം, രൂപയുടെ ഇടിവ് തുടങ്ങിയവയാണ് സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍. ആഗോള തലത്തില്‍ അസ്ഥിരത നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.2 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുന്നതിനും 2025 സാക്ഷ്യം വഹിച്ചു. തൊഴില്‍ നിയമങ്ങള്‍ പുതുക്കിയത് പ്രാബല്യത്തില്‍ വന്നതും ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപ പരിധി നൂറ് ശതമാനമായി ഉയര്‍ത്തിയതുമാണ് ഈ വര്‍ഷം കണ്ട മറ്റു പരിഷ്‌കാരങ്ങള്‍.

സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. നികുതി നിരക്കുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകളായി ലഘൂകരിച്ചാണ് ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയത്. കുടുംബ ബജറ്റുകള്‍ക്ക് കരുത്തുപകരാനാണ് ആദായനികുതി പരിഷ്‌കരണം നടപ്പാക്കിയത് എന്നാണ് മോദി സര്‍ക്കാരിന്റെ അവകാശവാദം. ആദായനികുതിയില്‍ വരുത്തിയ ഇളവുകള്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും സര്‍ക്കാര്‍ വാദിക്കുന്നു. പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളെ ആദായനികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത് കേന്ദ്ര ബജറ്റിലാണ്. സ്വര്‍ണവില ഒരു ലക്ഷം തൊട്ടതാണ് സാമ്പത്തിക രംഗത്ത് ഉണ്ടായ മറ്റൊരു ശ്രദ്ധേയമായ മാറ്റം. ഒരു വര്‍ഷം കൊണ്ട് സ്വര്‍ണവിലയില്‍ 40000രൂപയിലധികമാണ് വര്‍ധിച്ചത്. ഈ വര്‍ഷം ജനുവരി 22ന് 60000 രൂപയായിരുന്ന സ്വര്‍ണവിലയാണ് 12 മാസം കൊണ്ട് ഒരു ലക്ഷമായി വര്‍ധിച്ചത്.

Narendra Modi, Donald Trump
Narendra Modi, Donald Trumpഫയൽ

ഇന്ത്യയുടെ കയറ്റുമതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത് ഇന്ത്യന്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് ഏറെ ആശങ്ക ഉയര്‍ത്തിയ വിഷയമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കുറഞ്ഞ ഇറക്കുമതി തീരുവ മാത്രം ചുമത്തുമ്പോള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഇന്ത്യ കൂടിയ നിരക്ക്് ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സന്തുലിതമല്ലാത്ത വ്യാപാര ഇടപാട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കനത്ത ഇറക്കുമതി തീരുവയാണ് അമേരിക്ക തുടക്കത്തില്‍ ചുമത്തിയത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നിലവില്‍ 50 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ള ഉൽപ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്നത്. ഇന്ത്യയുമായി വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇനിയും നിരക്ക് കുറയുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ എത്താന്‍ സാധിച്ചിട്ടില്ല.

ജിഎസ്ടി ലഘൂകരണം

ജിഎസ്ടി ലഘൂകരിച്ചതായിരുന്നു 2025ലെ പ്രധാന പരിഷ്‌കാരങ്ങളിലൊന്ന്. നികുതി നിരക്കുകള്‍ 5 ശതമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി നിശ്ചയിച്ചതോടെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം കുറഞ്ഞെന്നാണ് മോദി സര്‍ക്കാരിന്റെ അവകാശവാദം. തര്‍ക്കങ്ങള്‍ കുറയ്ക്കുക, നികുതി പാലനം മെച്ചപ്പെടുത്തുക, ഡിജിറ്റല്‍ മേല്‍നോട്ടം ശക്തമാക്കുക എന്നിവയായിരുന്നു ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി ആഡംബര-ലഹരി വസ്തുക്കളെ പുതിയ നികുതി ഘടനയ്ക്ക് പുറത്ത് നിലനിര്‍ത്തി. ഇതിന്റെയെല്ലാം ഫലമായി ദീപാവലി കാലത്ത് 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പനയും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നവരാത്രി വില്‍പ്പനയും രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

gst reform
gst reformAi image

ആദായനികുതി

ആധുനിക കുടുംബ ബജറ്റുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി ആദായനികുതിയില്‍ വരുത്തിയ ഇളവുകള്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളെ ആദായനികുതിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി. ഇത് കുടുംബങ്ങള്‍ക്ക് വലിയ ലാഭമുണ്ടാക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാനും ചെലവഴിക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യം നല്‍കിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇതോടൊപ്പം, സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ 1961-ലെ പഴയ ആദായനികുതി നിയമത്തിന് പകരം ആധുനികവും ലളിതവുമായ 'ആദായനികുതി നിയമം 2025' ഇന്ത്യ നടപ്പിലാക്കുകയും ചെയ്തു.

income tax return
income tax returnപ്രതീകാത്മക ചിത്രം

തൊഴില്‍ നിയമങ്ങള്‍

ചിതറിക്കിടന്നിരുന്ന 29 നിയമങ്ങളെ നാല് ആധുനിക കോഡുകളായി ഏകീകരിച്ച തൊഴില്‍ പരിഷ്‌കരണം നടപ്പാക്കിയതും 2025ലാണ്. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍. തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ പല വ്യവസ്ഥകളെയും എതിര്‍ത്തതിനാല്‍ തുടര്‍നടപടികള്‍ നീട്ടിവച്ചിരിക്കുകയായിരുന്നു.

രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കള്‍ക്ക് നിയമനം, സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഓവര്‍ടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സാമൂഹിക നീതി എന്നിവ തൊഴില്‍ പരിഷ്‌കരണം ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

labour law
labour lawfile

രൂപയുടെ ഇടിവ്

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രൂപ കൂപ്പുകുത്തുന്നതിനും ഈ വര്‍ഷം സാക്ഷിയായി. ഒരു ഡോളര്‍ വാങ്ങാന്‍ 90 രൂപ നല്‍കേണ്ട സ്ഥിതിയാണ് ഉണ്ടായത്. കയറ്റുമതിക്കാര്‍ക്ക് ഇത് ഗുണമായെങ്കിലും ഇറക്കുമതി ചെലവേറിയതാകാന്‍ ഇത് കാരണമായി. ആഗോള വിപണിയിലെ അസ്ഥിരത മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. ഈ വര്‍ഷം ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്ന കാഴ്ചയാണ് കണ്ടത്. പലപ്പോഴും റിസര്‍വ് ബാങ്ക് ഇടപെട്ടത് കൊണ്ടാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തിയത്.

gst reforms
Year Ender 2025|1925ല്‍ പവന് 13.75 രൂപ, നൂറ്റാണ്ട് കടന്നപ്പോള്‍ ലക്ഷം; കാരണങ്ങളും നാള്‍വഴിയും
Rupee
RupeeAi image

ഒരു ലക്ഷം തൊട്ട് സ്വര്‍ണവില

ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഭൗമരാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുവേ കിട്ടുന്ന സുരക്ഷിത നിക്ഷേപം എന്ന പരിവേഷമാണ് സ്വര്‍ണത്തിന് കരുത്തായത്. യുദ്ധമുണ്ടായാല്‍ അത് ആഗോള സാമ്പത്തികമേഖലയെ തളര്‍ത്തും. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുന്നതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമേ യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ന്‍ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വര്‍ണവില കത്തിക്കയറാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

 gold rate
gold rateai image

ഇന്‍ഷുറന്‍സ് പരിഷ്‌കാരം

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് വന്‍തോതിലുള്ള വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍ഷുറന്‍സ് വിപണിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

gst reforms
Year Ender 2025|ഈ വർഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത് ഈ അഞ്ചു സ്ഥലങ്ങള്‍; അറിയാം പട്ടിക
Summary

Business News: GST simplification, Income Tax revolution and major reforms in Economic sector 2025 in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com