

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ എടിഎമ്മുകളിൽ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു.
ഇനി മുതൽ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പ്രത്യേകം പരിഗണിക്കില്ല. ഏപ്രിൽ ഒന്നുമുതൽ ഓരോ മാസവും അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ഇതും ഉൾപ്പെടുത്തും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളിൽ നിന്ന് ഓരോ പിൻവലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.
നിലവിൽ, സ്വന്തം അക്കൗണ്ട് ഉടമകൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ പിൻവലിക്കൽ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഇതര എടിഎമ്മുകളിൽ പ്രമുഖ ആറ് നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളിൽ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
എടിഎമ്മുകളിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ ആപ്പ് വഴി ഇടപാട് നടത്തുന്നതാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ. ഇത് ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates