
കഴിഞ്ഞ ദിവസമാണ് എഴുപത് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നൽകുക. 4.5 കോടി കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (AB PM-JAY) കീഴിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നൽകുന്നതിന് അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട അഞ്ചു പോയിന്റുകൾ ചുവടെ:
70 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും, അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ,ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ഇതിനകം പരിരക്ഷ ലഭിച്ചിട്ടുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് (70-ലധികം) പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും. 70 വയസ്സിന് താഴെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി കവർ പങ്കിടേണ്ടതില്ല.
സെൻട്രൽ ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന മുതിർന്ന പൗരന്മാർക്ക് (70-ലധികം) അവരുടെ നിലവിലെ സ്കീം തുടരുന്നതിന് തടസമില്ല. അല്ലാത്തപക്ഷം ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തെരഞ്ഞെടുക്കാവുന്നതാണ്.
സ്വകാര്യ പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്‌കീമിൽ പരിരക്ഷയുള്ള മുതിർന്ന പൗരന്മാർ (70-ലധികം) ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് അർഹരാണ്.
55 കോടി ആളുകൾക്ക് ഗുണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ പദ്ധതി അനുസരിച്ച് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates