

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതിനുള്ള തുക തൊഴിലുടമയുടെ വിഹിതത്തിൽ നിന്നു ഈടാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ നിന്നു 1.16 ശതമാനം തുക ഈടാക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി പാലിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനം കൂടി തൊഴിലുടമയുടെ വിഹിതത്തോടൊപ്പം (8.33 ശതമാനം) ചേർത്തുപിടിക്കുമെന്നാണ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഇതോടെ ഉയർന്ന പെൻഷന് അർഹരായവരുടെ തൊഴിലുടമ വിഹിതം പരമാവധി 9.49 ശതമാനം വരെയായി ഉയരും. 2014 സെപ്റ്റംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.
തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്കു വരേണ്ടിയിരുന്ന തുകയിൽ നിന്നാണ് ഈ തുക പോകുക എന്നതിനാൽ നഷ്ടം ജീവനക്കാർക്കു തന്നെയാണ്. തൊഴിലുടമയ്ക്കോ കേന്ദ്ര സർക്കാരിനോ അധിക ബാധ്യത വരുന്നില്ല. 15,000 രൂപയുടെ 1.16 ശതമാനമായ 174 രൂപയാണ് ഒരു തൊഴിലാളിയുടെ പേരിൽ കേന്ദ്ര സർക്കാർ പെൻഷൻ ഫണ്ടിലേക്കു നൽകുന്നത്.
15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനം ജീവനക്കാർ പെൻഷൻ ഫണ്ടിലേക്കു നൽകണമെന്ന നിർദേശം സുപ്രീം കോടതി 2022 നവംബർ നാലിന്റെ വിധിയിൽ അംഗീകരിച്ചിരുന്നില്ല. പകരം തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള മാർഗങ്ങൾ നിയമഭേദഗതിയിലൂടെ തീരുമാനിക്കാൻ നിർദേശിക്കുകയായിരുന്നു. കോടതി അനുവദിച്ച കാലാവധി തീരുന്ന ദിവസം അർധ രാത്രിയാണ് തൊഴിൽ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. കോടതിയലക്ഷ്യ നടപടികളുണ്ടായേക്കാമെന്ന നിയമോപദേശവും തിരക്കിട്ട തീരുമാനത്തിന് പിന്നിലുണ്ട്.
അതിനിടെ, ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള കാലാവധി ജൂൺ 26 വരെ നീട്ടി. അപേക്ഷയിൽ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അതു പിൻവലിച്ച് പുതിയ അപേക്ഷ നൽകാനും പോർട്ടലിൽ സൗകര്യമേർപ്പെടുത്തി. എന്നാൽ ഈ സൗകര്യം അപേക്ഷയിൽ തൊഴിലുടമ നടപടിയെടുക്കുന്നതിനു മുൻപ് ഉപയോഗിക്കണം. തൊഴിലുടമ കൂടി അംഗീകരിച്ചു നൽകിയ അപേക്ഷയിൽ തിരുത്തൽ ആവശ്യമെങ്കിൽ പിന്നീട് ഇപിഎഫ്ഒ ഒരു മാസം അനുവദിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates