

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ( Honda Cars India) പുതിയ ഇലക്ട്രിക് കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം പുറത്തിറക്കും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതിയ തലവനായി ചുമതലയേറ്റ തകാഷി നകാജിമയാണ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനം (bev) സ്ഥിരീകരിച്ചത്. അതേസമയം ഊഹാപോഹങ്ങള്‍ തള്ളി ഹോണ്ട എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല പുതിയ ഇലക്ട്രിക് കാര്‍ എന്നും തകാഷി നകാജിമ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഇവി ആയിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ ഇവി ഒരു എസ്യുവിയാണോ സെഡാനാണോ എന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല. പക്ഷേ മാരുതി സുസുക്കി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് ഇവി തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായി എസ്യുവി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐസിഇക്കും ( internal combustion engine )ഇലക്ട്രിക് വാഹനങ്ങള്‍ക്കും വ്യത്യസ്തമായ ഒരു ബ്രാന്‍ഡ് തന്ത്രം ഉണ്ടായിരിക്കണമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി ഉറപ്പുവരുത്തി പുതിയ വാഹനം പുറത്തിറക്കാനാണ് കമ്പനി പരിപാടിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനും യുഎസ്എയ്ക്കും ശേഷം ഇന്ത്യയെ തങ്ങളുടെ മികച്ച മൂന്ന് വിപണികളില്‍ ഒന്നായാണ് ഹോണ്ട കാണുന്നത്. ഇന്ത്യയിലെ ലാഭകരമായ ഇലക്ട്രിക് വാഹന മേഖലയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രധാന മോഡല്‍ തന്നെ അവതരിപ്പിച്ച് വരവറിയിക്കാനാണ്് കമ്പനി ലക്ഷ്യമിടുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും നകാജിമ സാന്‍ വിവരിച്ചു. കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഇലക്ട്രിക് AWD യൂണിറ്റും ഉള്ള ഹോണ്ടയുടെ പുതിയ e-HEV ഹൈബ്രിഡ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ ഹോണ്ട ഇന്ത്യയില്‍ എലിവേറ്റ്, സിറ്റി, അമേസ്, പഴയ തലമുറ അമേസ് എന്നിവയാണ് വില്‍ക്കുന്നത്. സിറ്റിയില്‍ മാത്രമാണ് ഹൈബ്രിഡ് സജ്ജീകരണം ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
