

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ മെയ് 15 മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ മൂന്ന് തവണയായി അഞ്ചു രൂപയോളമാണ് വര്‍ധിപ്പിച്ചത്.
പെട്രോളിന്റെ ചില്ലറ വില്‍പ്പന വില (Retail Price) വിവിധ ഘടകങ്ങള്‍ ചേര്‍ന്നതാണ്. അസംസ്‌കൃത എണ്ണയുടെ വില + ചരക്കുകൂലിയും ഇന്‍ഷുറന്‍സും + റിഫൈനിങ് ചെലവ് + എണ്ണ കമ്പനികളുടെ മാര്‍ജിന്‍ + കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി + ഡീലര്‍ കമ്മീഷന്‍ + സംസ്ഥാന വാറ്റ് /പ്രാദേശിക നികുതികള്‍ എന്നിവയാണ് പെട്രോള്‍ വിലയില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാന നികുതികളും പ്രാദേശിക ചാര്‍ജുകളും ഇന്ത്യയിലുടനീളം വ്യത്യസ്തമായതിനാല്‍ ഓരോ നഗരത്തിലും പെട്രോള്‍ വില വ്യത്യാസപ്പെട്ടിരിക്കും.
അസംസ്‌കൃത എണ്ണ വാങ്ങല്‍
ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വില ആഭ്യന്തര ഇന്ധനവിലയെ വളരെയധികം സ്വാധീനിക്കുന്നു.
രൂപ-ഡോളര്‍ വിനിമയ നിരക്ക്
അസംസ്‌കൃത എണ്ണ വാങ്ങുന്നത് യുഎസ് ഡോളറിലാണ്. അതുകൊണ്ട് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് ഇറക്കുമതിച്ചെലവ് വര്‍ദ്ധിപ്പിക്കുകയും പെട്രോള്‍ വില കൂടാന്‍ കാരണമാകുകയും ചെയ്യും.
ഒരു ബാരലില്‍ നിന്ന് പല ഉല്‍പ്പന്നങ്ങള്‍
ഒരു ബാരല്‍ അസംസ്‌കൃത എണ്ണയില്‍ നിന്ന് പെട്രോള്‍ മാത്രമല്ല ലഭിക്കുന്നത്. അതില്‍ നിന്ന് ഡീസല്‍, എല്‍പിജി , വിമാന ഇന്ധനം , നാഫ്ത തുടങ്ങിയ പല ഉല്‍പ്പന്നങ്ങളും വേര്‍തിരിച്ചെടുക്കുന്നു. അതിനാല്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വിലയെ വെറുതെ 159 ലിറ്റര്‍ കൊണ്ട് ഹരിച്ച് ഒരു ലിറ്റര്‍ പെട്രോളിന്റെ വില കണ്ടെത്താനാകില്ല.
റിഫൈനിങ്ങും ലോജിസ്റ്റിക്‌സും
ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ റിഫൈനറികളില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് പെട്രോളും മറ്റ് ഉല്‍പ്പന്നങ്ങളുമാക്കുന്നത്. ഈ ഘട്ടത്തില്‍ റിഫൈനിങ് ചെലവുകളും കമ്പനിയുടെ ലാഭവിഹിതവും കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
ഗതാഗതം
ശുദ്ധീകരിച്ച ഇന്ധനം റിഫൈനറികളില്‍ നിന്ന് സംഭരണശാലകളിലേക്കും അവിടെ നിന്ന് പെട്രോള്‍ പമ്പുകളിലേക്കും എത്തിക്കുന്നതിനുള്ള ചരക്കുകൂലി, ഇന്‍ഷുറന്‍സ്, സംഭരണച്ചെലവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഒഎംസി വിലനിര്‍ണ്ണയവും മാര്‍ജിനും
ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പെട്രോളിന്റെ ചില്ലറ വില്‍പ്പന വില നിശ്ചയിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോഴും പമ്പുകളില്‍ വില കൂട്ടാതെ നിര്‍ത്തുമ്പോള്‍ ഈ കമ്പനികളുടെ ലാഭം കുറയുകയോ നഷ്ടം വരികയോ ചെയ്യാറുണ്ട്. പിന്നീട് വില വര്‍ദ്ധിപ്പിക്കുമ്പോള്‍, ഈ പഴയ നഷ്ടം നികത്താന്‍ കൂടിയാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്മേല്‍ ചുമത്തുന്ന നികുതിയാണിത്. വാറ്റ് നികുതി പോലെ ശതമാനക്കണക്കിലല്ല ഇത് ഈടാക്കുന്നത്. മറിച്ച് ഒരു ലിറ്ററിന് ഇത്ര രൂപ എന്ന നിശ്ചിത തുകയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നത്.
ഡീലര്‍ കമ്മീഷന്‍
പെട്രോള്‍ പമ്പ് നടത്തുന്ന ഉടമസ്ഥര്‍ക്ക് ഓരോ ലിറ്റര്‍ പെട്രോള്‍ വില്‍പ്പനയ്ക്കും ലഭിക്കുന്ന കമ്മീഷനാണിത്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്‍, പമ്പിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ചെലവുകള്‍ നടത്തുന്നത് ഈ തുകയില്‍ നിന്നാണ്.
സംസ്ഥാന വാറ്റും പ്രാദേശിക നികുതികളും
ഓരോ സംസ്ഥാന സര്‍ക്കാരും പെട്രോളിന്മേല്‍ ചുമത്തുന്ന വില്‍പ്പന നികുതിയാണിത്. ഇന്ത്യയിലെ വിവിധ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പെട്രോള്‍ വില വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം ഇതാണ്.
ചില സംസ്ഥാനങ്ങള്‍ വിലയുടെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കുമ്പോള്‍, മറ്റു ചില സംസ്ഥാനങ്ങള്‍ ശതമാനത്തോടൊപ്പം ഒരു നിശ്ചിത തുക കൂടി സെസ്സ് ആയി ഈടാക്കുന്നു.
ആര്‍ക്കൊക്കെയാണ് പണം ലഭിക്കുന്നത്?
പമ്പില്‍ നല്‍കുന്ന പണം പ്രധാനമായും താഴെ പറയുന്നവര്‍ക്കായി പങ്കിടുന്നു:
എണ്ണ വിതരണക്കാര്‍: ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില നല്‍കുന്നത് ഇവരാണ്
റിഫൈനറികള്‍: എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത് ഇവരാണ്.
എണ്ണക്കമ്പനികള്‍ : മാര്‍ക്കറ്റിങ്, ഗതാഗത ചെലവുകള്‍.
കേന്ദ്ര സര്‍ക്കാര്‍: എക്‌സൈസ് ഡ്യൂട്ടി (ലിറ്ററിന് നിശ്ചിത തുക).
സംസ്ഥാന സര്‍ക്കാര്‍: വാറ്റ് (VAT)/വില്‍പ്പന നികുതി, സെസ്സുകള്‍
ഡീലര്‍: പെട്രോള്‍ പമ്പ് ഉടമയ്ക്കുള്ള കമ്മീഷന്‍
ഡല്‍ഹിയിലെ പെട്രോള്‍ വിലയും( ഏപ്രില്‍ ഒന്നിനെ അടിസ്ഥാനമാക്കി) അതിന്റെ ഘടനയും:
ഡീലര്‍മാരില്‍ നിന്ന് ഈടാക്കുന്ന വില (വാറ്റ് നികുതി ഒഴിവാക്കി)- 74.97 രൂപ
ഡീലര്‍ കമ്മീഷന്‍- 4.40 രൂപ (ശരാശരി)
വാറ്റ് (ഡീലര്‍ കമ്മീഷന്റെ മേലുള്ള വാറ്റ് ഉള്‍പ്പെടെ)-15.40
ഡല്‍ഹിയിലെ ചില്ലറ വില്‍പ്പന വില : 94.77
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates