

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലും ഇന്ത്യയില്‍ മതിയായ ഇന്ധനശേഖരമുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രം. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ ഇന്ത്യയില്‍ മതിയായ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, എല്‍പിജി ശേഖരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ധനമോ മറ്റ് അവശ്യസാധനങ്ങളോ പരിഭ്രാന്തിപ്പെട്ട് വാരിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ നിലവിലെ സംഘര്‍ഷം ഇന്ത്യയുടെ ഊര്‍ജ്ജ വിതരണം, സമ്പദ്വ്യവസ്ഥ, വിതരണ ശൃംഖല എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി. ഇന്ത്യയില്‍ നിലവില്‍ 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ ശേഖരവും 60 ദിവസത്തെ പ്രകൃതിവാതക സ്റ്റോക്കും 45 ദിവസത്തെ എല്‍പിജി സ്റ്റോക്കും ഉണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. കൂടാതെ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 70300 കോടി ഡോളറിലെത്തി നില്‍ക്കുകയാണെന്നും യോഗം വ്യക്തമാക്കി.
'ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. പമ്പുകളിലേക്ക് ജനങ്ങള്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല,'- യോഗത്തിന് ശേഷം പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും ആഭ്യന്തര ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സുഗമമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates