

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലമായത് കൊണ്ട് ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയില്‍ ഒരു ദിര്‍ഹത്തിന് 24.01 രൂപയാണ് നിരക്ക്.
ഗള്‍ഫില്‍ ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബോട്ടിം 24.01 രൂപയും ഇത്തിസലാത്തിന്റെ ഇ-മണി ആപ് 23.95 രൂപയുമാണ് നല്‍കിയത്. രാജ്യാന്തര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകളില്‍ ഇന്നലെ ഒരു ദിര്‍ഹത്തിന് 23.91 രൂപയാണ് നല്‍കിയത്. യുഎഇ ദിര്‍ഹത്തിന് പുറമേ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയ നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഖത്തര്‍ റിയാല്‍ 24.22, സൗദി റിയാല്‍ 23.50, ഒമാന്‍ റിയാല്‍ 229.34, ബഹ്‌റൈന്‍ ദിനാര്‍ 233.88, കുവൈത്ത് ദിനാര്‍ 288.52 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്ക്.
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്.
ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച 87.69 രൂപയില്‍ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates