

ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി.
ഇൻസ്റ്റഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇൻസ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ പ്രായം നിർണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.
"പലരും പ്രായത്തിന്റെ കാര്യത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാർ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓൺലൈനിൽ പരിശോധിക്കുന്നത് സങ്കീർണ്ണമാണെന്ന് ഞങ്ങൾക്കറിയാം", അധികൃതർ പറഞ്ഞു. കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
"സംശയാസ്പദമായ പെരുമാറ്റം" പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നതിൽ മാറ്റം കൊണ്ടുവരാനുള്ള വഴികളും ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നുണ്ട്. സംശയിക്കേണ്ട ആളുകളുടെ അക്കൗണ്ടുകളെക്കുറിച്ച് കൗമാരക്കാരെ അറിയിക്കുന്നതിനായി സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates