അഞ്ച് ലക്ഷം വരെയുള്ള പിഎഫ് നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല; ബജറ്റ് നിർദേശത്തിൽ ഭേദഗതി
ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിലെ രണ്ടര ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേൽ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് തീരുമാനം ഭേദഗതി ചെയ്തു. രണ്ടര ലക്ഷം രൂപ എന്നത് അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി. ലോക്സഭയിലെ ധനബിൽ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കു മേലുള്ള നികുതി വ്യവസ്ഥയിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി.
തൊഴിലാളി മാത്രം വിഹിതമടയ്ക്കുന്ന അക്കൗണ്ടുകളിൽ പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേൽ നികുതി ഈടാക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിലെ പലിശയ്ക്കു മേലുള്ള നികുതി ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.
ധനബിൽ സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രൊവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വലിയ തുക ശമ്പളമുള്ളവരെ ബാധിക്കുന്നതായിരുന്നു നേരത്തെയുണ്ടായ നിർദേശം. 12 ശതമാനമാണ് തൊഴിലാളികളുടെ വിഹിതം. ഇതിലേക്ക് വേണമെങ്കിൽ കൂടുതൽ വിഹിതം സ്വമേധയ നൽകാം. എന്നാൽ കൂടുതൽ നിക്ഷേപിച്ചാലപം തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ.
ആദായ നികുതിയിൽ ഇളവും, ഉയർന്ന പലിശയും ലക്ഷ്യം വെച്ച് തൊഴിലാളികൾ കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനായിരുന്നു ബജറ്റിലെ നിർദേശം. പലിശയ്ക്കു മേലുള്ള നികുതി ചെറുകിട, മധ്യ മേഖലകളിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും പിഎഫിന്റെ ഭാഗമായ 1% പേർ മാത്രമേ നികുതിയുടെ പരിധിയിൽ ഉൾപ്പെടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

