ഫാസ്ടാഗ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, പെന്‍ഷന്‍ ഫണ്ട്...; ഫെബ്രുവരിയില്‍ നിരവധി മാറ്റങ്ങള്‍, വിശദാംശങ്ങള്‍

ഓരോ ദിവസവും സാമ്പത്തിക രംഗത്ത് അടക്കം നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്സ്പ്രസ്
Updated on
2 min read

ന്യൂഡല്‍ഹി: ഓരോ ദിവസവും സാമ്പത്തിക രംഗത്ത് അടക്കം നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ചില മാറ്റങ്ങള്‍ക്കാണ് ഫെബ്രുവരി മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതില്‍ ഒന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. പൊതുതെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ എന്തെല്ലാം പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.

പെന്‍ഷന്‍ ഫണ്ട്

പെന്‍ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ടാണ് മറ്റൊരു മാറ്റം.പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി ഡിസംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടമാണ് ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിലാണ് മാറ്റം കൊണ്ടുവന്നത്. മക്കളുടെ ഉന്നത പഠനത്തിന് പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി ഫണ്ട് പിന്‍വലിക്കാമെന്ന് വ്യവസ്ഥയില്‍ പറയുന്നു. നിയമപരമായി ദത്തെടുത്ത കുട്ടികളുടെ പഠനത്തിനും അംഗങ്ങള്‍ക്ക് ഭാഗികമായി ഫണ്ട് പിന്‍വലിക്കാവുന്നതാണ്. മക്കളുടെ വിവാഹ ചെലവിനും ഭാഗികമായി ഫണ്ട് പിന്‍വലിക്കാവുന്നതാണ്. വീട് വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും സമാനമായ നിലയില്‍ ഫണ്ട് പിന്‍വലിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ആദ്യ വീടിന് മാത്രമേ ഇത് ബാധകമാകുകയുളളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബള്‍ക്ക് ഇ-മെയില്‍

ഗൂഗിള്‍, യാഹൂ അക്കൗണ്ടുകളിലേക്ക് ബള്‍ക്കായി ഇ-മെയിലുകള്‍ അയയ്ക്കുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് ബാധകമായ മാറ്റമാണ് മറ്റൊന്ന്. ഫെബ്രുവരി ഒന്നുമുതലാണ് ഇ-മെയില്‍ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഏതെങ്കിലും ഇ-മെയില്‍ ഡൊമെയ്ന്‍ തെരഞ്ഞെടുത്ത് സ്ഥാപനം അതുമായി സഹകരിച്ച് പോകണമെന്നതാണ് ഇതില്‍ പ്രധാനം. ബള്‍ക്ക് ഇമെയിലുകള്‍ അയക്കുന്നത് തുടരണമെങ്കില്‍ അയയ്ക്കുന്നവരുടെ സെര്‍വറുകള്‍ ഡിഎംഎആര്‍സിക്ക് അനുസൃതമായിരിക്കണം.

@gmail.com അല്ലെങ്കില്‍ @googlemail.com എന്നതില്‍ അവസാനിക്കുന്ന വ്യക്തിഗത അക്കൗണ്ടുകളിലേക്കും Yahoo, AOL ഇ-മെയില്‍ അക്കൗണ്ടുകളിലേക്കും മെയിലുകള്‍ അയക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം.കൂടാതെ, അയയ്ക്കുന്നവര്‍ 0.3 ശതമാനത്തില്‍ താഴെയുള്ള സ്പാം നിരക്ക് നിലനിര്‍ത്തേണ്ടതാണ്. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇ-മെയിലുകള്‍ നിരസിക്കപ്പെടും അല്ലെങ്കില്‍ തിരിച്ചുവരും. ഈ മാറ്റങ്ങള്‍ Gmail, Yahoo സെര്‍വറുകളിലേക്ക് അയയ്ക്കുന്ന ഇ-മെയിലുകള്‍ അനുകരിക്കാനോ 'സ്പൂഫ്' ചെയ്യാനോ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റം.

ഫാസ്ടാഗ്

ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകും. അല്ലെങ്കില്‍ ഫാസ്ടാഗിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഫാസ്ടാഗുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സാധുവായ ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണ്ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 2024 ജനുവരി 31-ന് ശേഷം ബാങ്കുകള്‍ നിര്‍ജ്ജീവമാക്കും അല്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തും എന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അസൗകര്യം ഒഴിവാക്കാന്‍ ഫാസ്ടാ?ഗുമായി ബന്ധപ്പെട്ട കെവൈസി പൂര്‍ണമാണെന്ന് വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും കുറിപ്പില്‍ പറയുന്നു

ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളിലോ ബന്ധപ്പെട്ട ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇതിന് പുറമേ, വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ മനഃപൂര്‍വം ഫാസ്ടാഗുകള്‍ ഉറപ്പിക്കാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലതാമസമുണ്ടാകുന്നുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വാഹനയുടമകള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

2023-24 സീരീസിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (എസ്ജിബി) അവസാന ഘട്ടം ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഇഷ്യൂ ചെയ്യും. എസ്ജിബി 2023-24 സീരീസ് ഫോര്‍ ഫെബ്രുവരി 12-ന് തുറന്ന് ഫെബ്രുവരി 16-ന് അവസാനിക്കും. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6,199 രൂപയായി കേന്ദ്ര ബാങ്ക് ഇഷ്യൂ വില നിശ്ചയിച്ചിരുന്നു.

സബ്സ്‌ക്രിപ്ഷന്‍ കാലയളവിന് മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ, അതായത് ഡിസംബര്‍ 13, ഡിസംബര്‍ 14, ഡിസംബര്‍ 15 എന്നി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ക്ലോസിംഗ് വിലയുടെ സിംപിള്‍ ആവറേജ് അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6,199 രൂപയായി നിജപ്പെടുത്തിയതായി ആര്‍ബിഐയുടെ ഡിസംബര്‍ 15 ലെ വിജ്ഞാപനത്തില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
സ്വകാര്യ മുതല്‍മുടക്ക് കുതിച്ചുയരും; സാമ്പത്തിക വളര്‍ച്ചയ്ക്കു വേഗം കൂടും: ഡോ. വി അനന്ത നാഗേശ്വരന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com