

അടിയന്തരമായി പണത്തിന് ആവശ്യം വന്നാല്‍ സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ നിരവധിപ്പേരുണ്ട്. സ്വര്‍ണത്തിന് മേല്‍ വായ്പ എടുക്കുമ്പോള്‍ രണ്ട് സ്‌കീമുകളാണ് മുന്നില്‍ ഉള്ളത്. ഗോള്‍ഡ് ലോണും ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റുമാണ് ഈ സ്‌കീമുകള്‍.
അടിയന്തരമായി പണം ആവശ്യമായി വരുമ്പോള്‍ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് സ്വര്‍ണ പണയമാണ്. നടപടിക്രമങ്ങളിലെ എളുപ്പമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, എവിടെ നിന്ന്, എങ്ങനെ വായ്പ എടുക്കുന്നു എന്നത് ലാഭ നഷ്ട കണക്കില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വായ്പ എടുക്കുന്ന രീതിയിലെ ചെറിയ മാറ്റം പോലും തിരിച്ചടവില്‍ വലിയ ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒരേ അളവിലുള്ള സ്വര്‍ണം പണയം വച്ച രണ്ടു വ്യക്തികള്‍ക്ക് പലിശയിലുണ്ടായ ഭീമമായ വ്യത്യാസം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഹ്രസ്വകാല ചെലവുകള്‍ക്കായി രണ്ട് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ ആവശ്യമായിരുന്നു. ഒരാള്‍ ഗോള്‍ഡ് ലോണു മറ്റൊരാള്‍ ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റും തെരഞ്ഞെടുത്തു. 8-9% വാര്‍ഷിക പലിശ നിരക്കിലാണ് സ്വര്‍ണ വായ്പയെടുത്തത്. രണ്ടാമത്തെയാള്‍ തെരഞ്ഞെടുത്തത് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റാണ്. ആവശ്യമുള്ളപ്പോഴെല്ലാം പണം പിന്‍വലിക്കാനും ഉപയോഗിക്കുന്നതിന് മാത്രം പലിശ നല്‍കാനും സാധിക്കുന്ന ഒന്നാണിത്.
രണ്ടുപേരും ഒരേ അളവിലുള്ള സ്വര്‍ണമാണ് പണയം വെച്ചത്. എന്നാല്‍ ഒരാള്‍ പലിശയായി നല്‍കിയത് 12,000 രൂപയാണെങ്കില്‍, മറ്റൊരാള്‍ക്ക് നല്‍കേണ്ടി വന്നത് അതിന്റെ ഇരട്ടിയോളം തുകയാണ്. വായ്പ തെരഞ്ഞെടുക്കുന്ന രീതിയിലുള്ള മാറ്റമാണ് ഈ വ്യത്യാസത്തിന് കാരണം. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവര്‍ നല്‍കുന്ന പലിശ നിരക്കുകളിലുള്ള വ്യത്യാസവും, തിരിച്ചടവ് രീതികളും കൃത്യമായി മനസിലാക്കാതെ സ്വര്‍ണ വായ്പ എടുക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്നാണ് ഇത് തെളിയിക്കുന്നത്.
ഒറ്റത്തവണ ആവശ്യങ്ങള്‍ക്കായി പണം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമാണ് ഗോള്‍ഡ് ലോണ്‍. വായ്പ എടുക്കുന്നയാള്‍ക്ക് ഒരു നിശ്ചിത തുക ഒറ്റത്തവണയായി ലഭിക്കുന്നു. കൃത്യമായ മാസത്തവണകളോടെ നിശ്ചിത കാലാവധിക്കുള്ളില്‍ തുക തിരിച്ചടയ്ക്കണം. സാധാരണയായി 8-9% പോലുള്ള മുന്‍കൂട്ടി നിശ്ചയിച്ച പലിശ നിരക്കുകളാണ് ഈ വായ്പകള്‍ക്കുണ്ടാവുക.
സൗകര്യത്തിനൊപ്പം അപകടസാധ്യതയും നിലനില്‍ക്കുന്നു. ഒരു ക്രെഡിറ്റ് ലൈന്‍ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യത്തിനനുസരിച്ച് പല തവണ പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്. ഉപയോഗിച്ച തുകയ്ക്ക് മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ എന്നതിനാല്‍ ഇത് ആകര്‍ഷകമായി തോന്നാം.സാമ്പത്തിക അച്ചടക്കം ഇല്ലാത്തവര്‍ക്ക് ഇത് വലിയ ബാധ്യതയായി മാറും.
ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സുരക്ഷിതമാക്കുന്നതിനും ആസ്തിയുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച മാര്‍ഗമാണിത്. കൂടാതെ പ്രോസസ്സിങ് ഫീസും വളരെ കുറവാണ്. പ്രോസസ്സിംഗ് ഫീസ് സാധാരണയായി വായ്പ തുകയുടെ 0.25%-0.5% ആണ്. ഓവര്‍ ഡ്രാഫ്റ്റിനും സ്വര്‍ണ്ണ വായ്പയ്ക്കും പലിശ തുല്യമാണ്. ഉയര്‍ന്ന മൂല്യമുള്ള ആഭരണങ്ങളോ ഭൗതിക സ്വര്‍ണ നിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഒരു ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്ന ഒരു ബദലാണ് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ്. ഓവര്‍ ഡ്രാഫ്റ്റിനായി സ്വര്‍ണ്ണം പണയം വയ്ക്കുമ്പോള്‍, ബാങ്ക് കസ്റ്റോഡിയനായി പ്രവര്‍ത്തിക്കുകയും ലോക്കറിലെ പരിമിത ബാധ്യതയില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ 100 ശതമാനം ബാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനാല്‍ ലോക്കറിനേക്കാള്‍ സുരക്ഷിതമാണ് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ്. പണം പിന്‍വലിച്ചാല്‍ മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ എന്നതിനാല്‍, ഒരു സ്വകാര്യ ബാങ്കിലെ വലിയ ലോക്കറിന്റെ വാര്‍ഷിക വാടകയേക്കാള്‍ വിലകുറഞ്ഞ ഒരു വാര്‍ഷിക പ്രോസസ്സിംഗ് ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.
ഒരു തവണ മാത്രം പണം ആവശ്യമുള്ളവര്‍ക്കും, തിരിച്ചടവില്‍ കൃത്യമായ ഘടന ഇഷ്ടപ്പെടുന്നവര്‍ക്കും ഗോള്‍ഡ് ലോണ്‍ ആണ് സുരക്ഷിതമായ മാര്‍ഗ്ഗം. അതേസമയം, എപ്പോഴും പണം ആവശ്യമായി വരികയും, തിരിച്ചടവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെങ്കില്‍ മാത്രം ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് പരിഗണിക്കാം.
ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് എടുക്കുമ്പോള്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കാത്ത ഒരു പ്രധാന അപകടസാധ്യതയുണ്ട്. സ്വര്‍ണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തെ നേരിട്ട് ബാധിക്കും. സ്വര്‍ണ്ണവില കുറഞ്ഞാല്‍, ബാങ്ക് പണയം വെച്ച സ്വര്‍ണ്ണം വീണ്ടും മൂല്യനിര്‍ണ്ണയം നടത്തും. 'ലോണ്‍-ടു-വാല്യൂ' (LTV) അനുപാതം (സാധാരണയായി 75%) നിലനിര്‍ത്താന്‍, ഓവര്‍ഡ്രാഫ്റ്റ് എടുത്തവരോട് ബാങ്ക് ഉടന്‍തന്നെ കുറച്ച് തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടാം. പലിശ മാത്രം അടച്ചുപോവുകയും പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കാത്തവര്‍ക്ക് ഈ സാഹചര്യം വലിയ സമ്മര്‍ദ്ദമാകും. അപ്രതീക്ഷിതമായി തുക കണ്ടെത്തേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates