

ന്യൂഡല്‍ഹി: ഐടിആര്‍ ഫയലിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂട്ടത്തോടെ ആദായനികുതി പോര്‍ട്ടലിലേക്ക് ഇടിച്ചുകയറിയത് മൂലം സാങ്കേതിക തകരാര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. സാങ്കേതിക തകരാറിന്റെ ദൃശ്യങ്ങളും വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ആദായനികുതി പോര്‍ട്ടലിന്റെ കാര്യക്ഷമത നിരവധിപ്പേര്‍ ചോദ്യം ചെയ്യുന്നത്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇതുവരെ സര്‍ക്കാര്‍ നീട്ടിയിട്ടില്ല. ഇന്ന് സമയപരിധി തീരാനിരിക്കേയാണ് നികുതിദായകര്‍ കൂട്ടത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടലിനെ സമീപിച്ചത്. ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ പോര്‍ട്ടലിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പേജ് ലോഡ് ചെയ്യുന്നതിനും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കുന്നതായാണ് പരാതികളില്‍ പറയുന്നത്. പലപ്പോഴും ഒടിപി അയക്കാൻ കഴിയുന്നില്ലെന്നും സെഷന്‍ ടൈംഔട്ട് കാണിക്കുന്നതായും നിരവധിപ്പേര്‍ പരാതിപ്പെട്ടു.
ജൂലൈ 31 കഴിഞ്ഞാല്‍ ഡിസംബര്‍ 31 വരെ ഫയല്‍ ചെയ്യാമെങ്കിലും ലേറ്റ് ഫീസ് നല്‍കേണ്ടതായി വരും. വാര്‍ഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5000 രൂപയും താഴെയുള്ളവര്‍ക്ക് 1000 രൂപയുമാണ് പിഴ.
ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഓരോ നികുതിദായകന്റെയും വരുമാനത്തെയും തൊഴിലിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ഐടിആര്‍ ഫോമുകളുണ്ട്. ഐടിആര്‍ ഒന്നുമുതല്‍ ഐടിആര്‍ ഏഴുവരെയുള്ള ഫോമുകളില്‍ ഏതാണ് ഫയല്‍ ചെയ്യാന്‍ വേണ്ടത് എന്ന് ഉറപ്പാക്കുക. ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഫോം 16, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ അടക്കം കൈയില്‍ കരുതണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടാക്സ് ക്രെഡിറ്റ് രേഖ ( ഫോം 26എഎസ്) ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ടിഡിഎസും നികുതി പേയ്മെന്റുകളും കൃത്യമായി ഇതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നാണ് ഉറപ്പാക്കേണ്ടത്.വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമായി കാണിക്കണം. ശമ്പളം, പലിശ, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ അടക്കം എല്ലാ വരുമാനങ്ങളും വെളിപ്പെടുത്തണം. ഏതെങ്കിലും വിട്ടുപോയാല്‍ പിഴയ്ക്ക് കാരണമാകാം. 80സി, 80ഡി, 80ജി പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്ന് വരുമാനം ഉണ്ടെങ്കിലും ബോധിപ്പിക്കണം. ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ- വെരിഫൈ ചെയ്യാന്‍ മറക്കരുത്. ആധാര്‍ ഒടിപി അടക്കമുള്ള മാര്‍ഗങ്ങളിലുടെ ഇ- വെരിഫൈ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
