

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. പുതുക്കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.
ഇതുവരെ, 5.30 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വര്‍ഷം സര്‍ക്കാര്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
