ജെഎസ്ഡബ്ല്യു മോട്ടോഴ്സും വാഹന വിപണിയിലേക്ക്; ജൂണില്‍ 45 ലക്ഷം രൂപയുടെ പ്രീമിയം കാര്‍ അവതരിപ്പിക്കും
മുംബൈ: ശതകോടീശ്വരനായ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്സ് ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ നേരിട്ട് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. പ്ലഗ്-ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് (പിഎച്ച്ഇവി) എസ്യുവിയിലൂടെ വാഹന വിപണിയില്‍ പ്രവേശിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജൂണില്‍ പുതിയ വാഹനം വിപണിയില്‍ അവതരിപ്പിക്കും.
വാഹനത്തിന്റെ വില ഏകദേശം 45 ലക്ഷം രൂപയായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. പ്രീമിയം വിഭാഗത്തിലാണ് ഈ ആഭ്യന്തര ബ്രാന്‍ഡ് മത്സരിക്കുക. പ്രീമിയം കാറുകള്‍ പുറത്തിറക്കുന്ന ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് പോലുള്ള ആഗോള കമ്പനികളുമായുള്ള നേരിട്ടുള്ള മത്സരത്തിനാണ് കമ്പനി പദ്ധതിയിടുന്നത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ (ഔറംഗാബാദ്) വരാനിരിക്കുന്ന ഫാക്ടറിയില്‍ നിന്നാണ് എസ്യുവി വിപണിയില്‍ എത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചു. സഹകരണത്തിനായി ചില അന്താരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനികളുമായി ജെഎസ്ഡബ്ല്യു ചര്‍ച്ചകള്‍ നടത്തിവരികയാണ്. കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും വരും ആഴ്ചകളില്‍ ഇത് ഒപ്പുവെക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡുകള്‍, റേഞ്ച് എക്‌സ്റ്റെന്‍ഡഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (REEV) തുടങ്ങി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണ മേഖലയില്‍ സഹകരണം ഉറപ്പാക്കാനാണ് പങ്കാളിത്തം വഴി കമ്പനി ലക്ഷ്യമിടുന്നത്.
സ്റ്റീല്‍, ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, തുറമുഖങ്ങള്‍, പെയിന്റുകള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ള 2400 കോടി ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇതിനകം തന്നെ പരോക്ഷമായി വാഹന നിര്‍മ്മാണ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ട്. 2023ല്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങിയാണ് കമ്പനി സാന്നിധ്യം അറിയിച്ചത്. ചൈനീസ് മാതൃസ്ഥാപനമായ എസ്എഐസി മോട്ടോറില്‍ നിന്നാണ് കമ്പനി ഓഹരികള്‍ വാങ്ങിയത്. എംജി മോട്ടോര്‍ ഇന്ത്യയില്‍ ജെഎസ്ഡബ്ല്യുവും എവര്‍സ്റ്റോണ്‍ ക്യാപിറ്റലും ചേര്‍ന്ന് 51 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. എസ്എഐസിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനും ജെഎസ്ഡബ്ല്യൂവിന് പദ്ധതിയുണ്ട്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്ത കമ്പനി, ഇലക്ട്രിക് (ഇവി), നോണ്‍-ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളാണ് നിര്‍മ്മിക്കുന്നത്.
JSW Motors to launch its first car in June, a plug-in hybrid SUV
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

