

തിരുവനന്തപുരം: സാധാരണക്കാരനും ഗ്രാമീണ ജനതയ്ക്കും മെച്ചപ്പെട്ട തൊഴിലവസരവും സാമ്പത്തിക ഭദ്രതയും മികച്ച ബാങ്കിങ് സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരള ബാങ്ക്, രൂപീകരണ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന വളര്‍ച്ച നേടിയിരിക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതി വിജയകരമായ 5 വര്‍ഷം ഈ നവംബര്‍ മാസം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2019-20ല്‍ 1,01,194.41 കോടി രൂപയായിരുന്ന ബാങ്കിന്റെ ബിസിനസ് ഇപ്പോള്‍ 1,24,000 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് 23,000 കോടിയോളം രൂപയുടെ ബിസിനസാണ് ഉയര്‍ത്താനായത്. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ ബിസിനസ്സില്‍ 7900 കോടി രൂപയുടെ വര്‍ധന ഉണ്ടായതായും മന്ത്രി അറിയിച്ചു. 31-03-2020 ല്‍ 61,037 കോടി രൂപയായിരുന്ന ബാങ്കിന്റെ നിക്ഷേപം നിലവില്‍ 71,877 കോടി രൂപയായി വര്‍ധിച്ചു. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ നിക്ഷേപത്തില്‍ 5543 കോടി രൂപയുടെ വര്‍ധനയാണ് വന്നിട്ടുള്ളത്.
പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനില്‍പ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിലവില്‍ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കിനില്‍പ്പ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ക്രെഡിറ്റ് ഹിസ്റ്ററി കുറഞ്ഞ സാധാരണക്കാരായ ആളുകള്‍ക്കും ഒരു കൈത്താങ്ങാണ് കേരള ബാങ്ക്. മറ്റു ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നിന്ന് സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിന്റെ തന്നെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊള്ളപലിശക്കാരില്‍ നിന്നും ബാങ്കിങ് ഇതര സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ നേരിടുന്ന ചൂഷണങ്ങള്‍ തടഞ്ഞ് മിതമായ പലിശ നിരക്കില്‍ അമിത ചാര്‍ജ്ജൊന്നും ഈടാക്കാതെ സാധാരണ ഉപഭോക്താവിന് അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഉടന്‍ വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 100 ഗോള്‍ഡന്‍ ഡേയ്‌സ് ക്യാംപെയ്ന്‍ 97 ദിവസം പിന്നിട്ടപ്പോള്‍ 2477 കോടി രൂപയുടെ വര്‍ധനയാണ് നേടാനായത്. ജൂലൈ 24 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള 100 ദിവസംകൊണ്ട് 1500 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ ബാക്കിനില്‍പ്പ് വര്‍ധനയാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമാക്കിയതിനേക്കാള്‍ 1000 കോടിയോളം രൂപ അധികമായി നേടാന്‍ കഴിഞ്ഞു. 109376 പുതിയ ഗോള്‍ഡ് ലോണ്‍ അക്കൗണ്ടുകളിലൂടെയാണ് 97ദിവസം കൊണ്ട് 2477 കോടി രൂപ അനുവദിച്ചത്. ഈ കാലയളവില്‍ 17000 ഓളം പുതിയ ഇടപാടുകാരും ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ 1 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പയില്‍ മാത്രം ഈ കാലയളവില്‍ 343 കോടി രൂപയുടെ വര്‍ധന ഉണ്ടായി. 100 രൂപയ്ക്ക് 77 പൈസ മാത്രമാണ് ഒരു മാസം പലിശയിനത്തില്‍ ഈടാക്കുന്നത്. 13 ലധികം സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതികളാണ് നിലവില്‍ കേരള ബാങ്കിലുള്ളത്. കളക്ഷന്‍ ഏജന്റ് / അപ്രൈസര്‍ക്ക് ഓരോ ഗോള്‍ഡ് ലോണിനും പ്രത്യേക ഇന്‍സെന്റീവും ബാങ്ക് അനുവദിച്ചിട്ടുണ്ട്. പ്രവാസി വായ്പകളും, കാര്‍ഷിക വായ്പകളും 10 ല്‍ അധികം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പകളും (MSME) 10 ല്‍ അധികം വനിതാ വായ്പകളും ഉള്‍പ്പെടെ 50 ല്‍ അധികം വായ്പാ പദ്ധതികള്‍ കേരള ബാങ്കിലൂണ്ട്. ആകെ വായ്പയുടെ 27 ശതമാനത്തില്‍ അധികം തുക കാര്‍ഷിക മേഖലയ്ക്ക് അനുവദിക്കുന്നു. 31-03-2025 ലെ കണക്ക് പ്രകാരം കാര്‍ഷിക വായ്പാ ബാക്കിനില്‍പ്പ് 13129 കോടി രൂപയാണ്.
കേരളത്തിലെ ആഭ്യന്തര പാലുല്പാദനം വര്‍ധിപ്പിക്കുന്നതിന് മില്‍മയുമായി ചേര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ക്ഷീരമിത്ര മില്‍മ വായ്പ അനുവദിക്കുന്നു. കൂടാതെ 1 ലക്ഷം രൂപയുടെ മില്‍മ ഫ്രാഞ്ചൈസി വായ്പയും ആരംഭിച്ചിട്ടുണ്ട്. 10.6 ലക്ഷത്തിലധികം ക്ഷീരകര്‍ഷകര്‍ക്കും 30000 ല്‍ അധികം പാല്‍ വിതരണ ഏജന്‍സികള്‍ക്കും പ്രയോജനം ലഭിക്കും. 250 കോടി രൂപയാണ് ക്ഷീരമിത്ര മില്‍മ വായ്പയായി ക്ഷീരകര്‍ഷകരിലേയ്ക്ക് എത്തിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം ബാങ്ക് വകയിരുത്തിയിട്ടുള്ളത്. വ്യത്യസ്ത കോര്‍ ബാങ്കിങ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 14 ബാങ്കുകളുടെ ലയനം സമയബന്ധിതമായ നടപടികളിലൂടെ അതിവേഗം പൂര്‍ത്തിയാക്കുകയും 2023 ഏപ്രില്‍ മുതല്‍ യുപിഐ ഉള്‍പ്പെടെയുള്ള എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളും സഹകരണ മേഖലയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
കേരള ബാങ്ക് വയനാട് ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ജീവനക്കാര്‍ സമാഹരിച്ച 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുകയും ചെയ്തു. തിരിച്ചടവു ശേഷിയില്ലാത്ത വിവിധ ജില്ലകളിലെ 70 ലധികം വായ്പക്കാരുടെ വായ്പാ കുടിശ്ശിക ജീവനക്കാര്‍ മുന്‍കൈ എടുത്ത് അടച്ചു തീര്‍ത്ത് പ്രമാണം തിരികെ നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ടിബി സെല്‍ വഴി രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കുള്ള ധനസഹായവും കേരള ബാങ്ക് നല്‍കുന്നുണ്ട്.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാച്ഛാദനവും ബാങ്ക് ഹെഡ് ഓഫീസില്‍ മന്ത്രി നിര്‍വ്വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് എംകെ കണ്ണന്‍, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍ മാധവന്‍ ഐഎഎസ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി രവീന്ദ്രന്‍, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
